നാട്ടില്‍ പോകാന്‍ അവധി കൊടുത്തില്ല; പ്രവാസി യുവാവ് മാനേജരെ കഴുത്തറുത്ത് കൊലപ്പെടുത്തി

By Web TeamFirst Published Sep 6, 2020, 6:08 PM IST
Highlights

കൊലപാതകം നടന്നതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ പ്രവാസി യുവാവ് അറസ്റ്റിലായി. രക്തത്തില്‍ കുളിച്ചു കിടന്ന മാനേജരുടെ മൃതദേഹം സ്ഥാപനത്തിലെ മറ്റ് ജീവനക്കാരാണ് കണ്ടെത്തിയതെന്നും പ്രതിയായ യുവാവാണ് മാനേജരെ അവസാനമായി സന്ദര്‍ശിച്ചതെന്നും പൊലീസ് പറയുന്നു.

ദുബായ്: നാട്ടിലേക്ക് മടങ്ങാന്‍ അവധി നല്‍കാതിരുന്ന മാനേജരെ ദുബായില്‍ പ്രവാസി കഴുത്തറുത്ത് കൊലപ്പെടുത്തി. കിര്‍ഗിസ്ഥാന്‍ സ്വദേശിയായ 21കാരനാണ് ആസൂത്രിത കൊലപാതകത്തിന് അറസ്റ്റിലായത്.

അല്‍ ഖുവോസ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഒരു ഗ്യാരേജില്‍ ജോലി ചെയ്യുകയായിരുന്ന പ്രവാസി യുവാവ് നാട്ടിലേക്ക് പോകുന്നതിനുള്ള ലീവുമായി ബന്ധപ്പെട്ട് മാനേജരോട് തര്‍ക്കിക്കുകയും തുടര്‍ന്ന് മൂര്‍ച്ചയേറിയ കത്തി കൊണ്ട് മാനേജരെ കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നെന്ന കേസാണ് ഇയാള്‍ക്കെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ നിലനില്‍ക്കുന്നത്.

ഈ വര്‍ഷം ജൂണിലാണ് കൊലപാതകം സംബന്ധിച്ച് ദുബായ് പൊലീസിന് വിവരം ലഭിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ പ്രവാസി യുവാവ് അറസ്റ്റിലായി. രക്തത്തില്‍ കുളിച്ചു കിടന്ന മാനേജരുടെ മൃതദേഹം സ്ഥാപനത്തിലെ മറ്റ് ജീവനക്കാരാണ് കണ്ടെത്തിയതെന്നും അറസ്റ്റിലായ യുവാവാണ് മാനേജരെ അവസാനമായി സന്ദര്‍ശിച്ചതെന്നും പൊലീസ് പറയുന്നു.

ഗ്യാരേജിലെ ജോലിക്കാര്‍ പുറത്തുപോയി 20 മിനിറ്റിന് ശേഷം തിരികെ വന്നപ്പോള്‍ മാനേജര്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഇദ്ദേഹത്തെ അവസാനമായി സന്ദര്‍ശിച്ചത് അറസ്റ്റിലായ യുവാവാണെന്നും കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നെന്നും ജീവനക്കാര്‍ വെളിപ്പെടുത്തിയതായി പൊലീസിന്റെ രേഖകളില്‍ വ്യക്തമാക്കുന്നു. കൊലപാതകത്തിന് ശേഷം രാജ്യം വിടാനായി യുവാവ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയെങ്കിലും സര്‍വ്വീസുകളില്ലാത്തതിനാല്‍ ഇയാള്‍ക്ക് നാട്ടിലേക്ക് മടങ്ങാനായില്ല. തുടര്‍ന്ന് ഇയാള്‍ കോണ്‍സുലേറ്റിനെ സമീപിക്കുകയും നാട്ടിലെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ കോണ്‍സുലേറ്റിന് പുറത്തുവെച്ച് പൊലീസ് യുാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്വദേശത്തേക്ക് പോകാനായി ലീവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് മാനേജരെ സമീപിച്ചിരുന്നു. എന്നാല്‍ തിരികെ മടങ്ങിയെത്തുന്ന ദിവസം സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മാനേജര്‍ യുവാവിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഇതോടെ സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ പുറത്തേക്ക് പോകുന്നത് വരെ കാത്തുനിന്ന യുവാവ് ഇവര്‍ പോയ ശേഷം മാനേജറുടെ മുറിയില്‍ കയറി വാതില്‍ അകത്ത് നിന്ന് പൂട്ടി കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വിശദമാക്കി. കത്തി ഉപയോഗിച്ച് മാനേജറുടെ കഴുത്തറുക്കുകയും ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയുമായിരുന്നു.

സംഭവത്തിന് ഒരു ദിവസം മുമ്പ് സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് കൂടെ ജോലി ചെയ്യുന്ന റഷ്യക്കാരനോട് യുവാവ് അന്വേഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.  മൃതദേഹത്തില്‍ ആറ് ഗുരുതരമായ മുറിവുകളുണ്ടായിരുന്നെന്നും മുഖത്ത് 13 തവണ വെട്ടേറ്റിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിന് യുവാവിനെതിരെ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിട്ടുണ്ട്. കേസിന്‍റെ വിചാരണ ഒക്ടോബര്‍ നാലിലേക്ക് നീട്ടിവെച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

click me!