
മസ്‍കത്ത്: ഒമാനില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. രണ്ട് പ്രവാസികളാണ് മണ്ണിനടിയില്‍ പെട്ടത്. ബിദിയ വിലായത്തിലെ അല്‍ മുന്‍ത്റബിലെ ഒരു ഫാമിലുണ്ടായ അപകടം സംബന്ധിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ആന്റ് ആബുലന്‍സ് അതോറിറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. ഒരാളുടെ മൃതദേഹം ഇവിടെ നിന്ന് കണ്ടെടുത്തതായി സിവില്‍ ഡിഫന്‍സ് പിന്നീട് അറിയിച്ചു.
മൂന്ന് ദിവസത്തിനിടെ സമാനമായ തരത്തില്‍ ഒമാനില്‍ സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഞായറാഴ്ച സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മൂന്ന് പ്രവാസികളാണ് മരിച്ചത്. ഇവിടെ നഖല്‍ വിലായത്തില്‍ വകാന്‍ എന്ന ഗ്രാമത്തിലേക്കുള്ള റോഡ് അറ്റകുറ്റപ്പണികള്‍ക്കിടെ ആയിരുന്നു മണ്ണിടിഞ്ഞു വീണത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരുന്ന കരാര്‍ കമ്പനിക്ക് വേണ്ടി ജോലി ചെയ്‍തിരുന്ന പ്രവാസി തൊഴിലാളികളാണ് മരണപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് സംഘം മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി ഒമാന്‍ ട്രാന്‍സ്‍പോര്‍ട്ട്, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അറിയിച്ചു. അപകടത്തിലേക്ക് നയിച്ച കാരണങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കരാര്‍ കമ്പനി വീഴ്ച വരുത്തിയോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഈ അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam