മദ്യം നിര്‍മിച്ച് വിദേശ ബ്രാന്‍ഡുകളുടെ സ്റ്റിക്കറൊട്ടിച്ച് വില്‍പന; നിരവധി പ്രവാസികള്‍ പിടിയില്‍

By Web TeamFirst Published Dec 13, 2020, 9:34 AM IST
Highlights

പ്രാദേശികമായി നിര്‍മിക്കുന്ന മദ്യത്തില്‍ വിദേശ ബ്രാന്‍ഡുകളുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ചായിരുന്നു വില്‍പന. നിര്‍മാണത്തിലും വില്‍പനയിലും പങ്കാളികളായിരുന്നവരാണ് പിടിയിലായത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ സന്നാഹങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന മദ്യ നിര്‍മാണ കേന്ദ്രം അധികൃതര്‍ കണ്ടെത്തി പൂട്ടിച്ചു. നിരവധി പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തിട്ടുണ്ട്. കബദിലെ ഒരു ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

പ്രാദേശികമായി നിര്‍മിക്കുന്ന മദ്യത്തില്‍ വിദേശ ബ്രാന്‍ഡുകളുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ചായിരുന്നു വില്‍പന. നിര്‍മാണത്തിലും വില്‍പനയിലും പങ്കാളികളായിരുന്നവരാണ് പിടിയിലായത്. ഇറക്കുമതി ചെയ്‍ത മദ്യം പോലെ സ്റ്റിക്കറുകളൊട്ടിച്ച് പാക്ക് ചെയ്‍താണ് വില്‍പന നടത്തിയിരുന്നത്. ഇതിനാവശ്യമായ സംവിധാനങ്ങളെല്ലാം ഈ കേന്ദ്രത്തിലുണ്ടായിരുന്നു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹവല്ലി ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രാഥമിക പരിശോധന നടത്തിയ ശേഷം റെയ്‍ഡിനുള്ള നിയമപരമായ അനുമതി തേടുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ നിന്ന് ആളുകളെ അറസ്റ്റ് ചെയ്‍തതും ഉപകരണങ്ങള്‍ കണ്ടുകെട്ടിയതും. ഡിസ്റ്റിലേഷന്‍ ഉപകരണങ്ങള്‍, ബാരലുകളില്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്ന മദ്യം, പാക്കിങ് ഉപകരണങ്ങള്‍, സ്റ്റിക്കറുകള്‍, ബോട്ടില്‍ ക്യാപ് സീലിങ് മെഷീന്‍ തുടങ്ങിയവ ഇവിടെ നിന്ന് പിടിച്ചെടുത്തു. 

അറസ്റ്റിലായവരെയും പിടിച്ചെടുത്ത ഉപകരണങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. മദ്യ നിര്‍മാണ കേന്ദ്രത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കുവൈത്ത് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
"

click me!