കര്‍ഷകന്റെ മകനായി ജനിച്ച് 'കപ്പല്‍ ജോയി'യായി; പാലസില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക്

By Web TeamFirst Published Apr 25, 2020, 2:41 PM IST
Highlights

മധ്യപൂര്‍വ്വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കി. സംഘര്‍ഷ ഭരിത മേഖലകളിലേക്ക് പോലും വെല്ലുവിളി ഏറ്റെടുത്ത് ജോയിയുടെ കപ്പലുകള്‍ പോയി. ജോയിയുടെ വിജയഗാഥ അച്ചടിച്ച് വന്ന ഒരു മാഗസിനിലെ 'കപ്പല്‍ ജോയി' എന്ന തലക്കെട്ട് നാട്ടുകാര്‍ പിന്നീട് അദ്ദേഹത്തിന്‍റെ  ജീവതത്തില്‍ സ്ഥിരമായി ചാര്‍ത്തിക്കൊടുത്തു.

കല്‍പ്പറ്റ: വയനാട്ടിലെ ഗ്രാമപ്രദേശത്ത് ജനിച്ച് ലോക പെട്രോളിയം വ്യവസായ സാമ്രാജ്യത്തിലെ പ്രമുഖനായി മാറിയ അറയ്ക്കല്‍ ജോയിയുടെ ദുബായില്‍ വെച്ചുള്ള ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും പ്രവാസി സമൂഹവും. അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ ജീവകരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നാട്ടുകാര്‍ക്ക് പ്രിയങ്കരനായ പ്രവാസിയുടെ വിയോഗത്തില്‍ വിതുമ്പുകയാണ് വയനാടും. വയനാട്ടിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് കേരളത്തിലെ ഏറ്റവും വലിയ ആഢംബര വീടുകളിലൊന്നിന്റെ ഉടമയായി മാറിയ അറയ്ക്കല്‍ ജോയി, 'കപ്പല്‍ ജോയി' ആയ ജീവിതകഥയില്‍ നിരവധി പ്രതിസന്ധിഘട്ടങ്ങള്‍ കരളുറപ്പോടെ പിന്നിട്ടതിന്‍റെ നാള്‍വഴികള്‍ കൂടി എഴുതിച്ചേര്‍ക്കേണ്ടതുണ്ട്. 

വയനാടിന്റെ 'കപ്പല്‍ മുതലാളി' 

വയനാട്ടിലെ സാധാരണ കുടുംബത്തില്‍ കര്‍ഷകനായ ഉലഹന്നാന്റെ മകനായാണ് അറയ്ക്കല്‍ ജോയിയുടെ ജനനം. ഇല്ലായ്മകള്‍ അനുഭവിച്ചും അതിനെ അതിജീവിച്ചും തന്നെയാണ് ജോയി വളര്‍ന്നത്. എം.കോം പഠനം കഴിഞ്ഞ് നാട്ടില്‍ അക്കൗണ്ടന്റായി കുറച്ചുകാലം ജോലി ചെയ്തു. പിന്നെ അന്ന് ഒട്ടുമിക്ക മലയാളി കുടുംബങ്ങളെയും പോലെ 'പൊന്നുവിളയുന്ന' മരുഭൂമിയിലേക്ക് ജീവിതം കെട്ടിപ്പടുക്കാന്‍ വിമാനം കയറി. ദുബായിലേക്കാണ് ജോയി എത്തിയത്. അവിടെ പല കമ്പനികളില്‍ അക്കൗണ്ടന്റായും മാനേജരായും ജോലി ചെയ്തു. 'ട്രൈസ്റ്റാര്‍ ട്രാന്‍സ്‌പോര്‍ട്ടിങ്' എന്ന കമ്പനിയില്‍ അക്കൗണ്ടന്‍റായായിരുന്നു തുടക്കം. 2,000 ദിര്‍ഹമാണ് ശമ്പളമായി അന്ന് ലഭിച്ചിരുന്നത്. കടത്തില്‍ മുങ്ങിയ കമ്പനികളുടെ മാനേജര്‍ സ്ഥാനത്ത് ജോയി എത്തിയതോടെ അവ വിജയത്തിലേക്ക് തിരിച്ചുനടന്നു. കഠിനാധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും ജോയി തന്‍റെ കര്‍മ്മമേഖലകളിലെല്ലാം വിജയക്കൊടി നാട്ടി. 

2003 മുതല്‍ 2008 വരെ 'ആബാലോണ്‍' എന്ന കമ്പനിയില്‍ സാമ്പത്തിക പങ്കാളിയായി വ്യാവസായിക രംഗത്തേക്ക് പ്രവേശിച്ചു. ഇതിനിടെ ദുബായില്‍ കാലുറപ്പിച്ച ജോയി ഫ്യുവല്‍ ട്രേഡിങിലേക്ക് തിരിഞ്ഞു. അതിനോടൊപ്പം തന്നെ ബില്‍ മാക്‌സ് എന്ന ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയും തുടങ്ങി. 'ട്രോട്ടേഴ്‌സ്' എന്ന എണ്ണകമ്പനി ആരംഭിച്ചു. 'ട്രോട്ടേഴ്‌സി'ല്‍ നിന്ന് പിന്നീട് 'ഇന്നോവ റിഫൈനറി ഗ്രൂപ്പ് ഓഫ് കമ്പനി' സ്ഥാപിച്ചു. 500ഓളം ജീവനക്കാര്‍ യുഎഇയില്‍ ജോയിയുടെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്. കാര്‍ഷിക മേഖലയെ കേന്ദ്രീകരിച്ച് വയനാട്ടില്‍ 'അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനി'യും ആരംഭിച്ചു. 

മധ്യപൂര്‍വ്വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കി. സംഘര്‍ഷ ഭരിത മേഖലകളിലേക്ക് പോലും വെല്ലുവിളി ഏറ്റെടുത്ത് ജോയിയുടെ കപ്പലുകള്‍ പോയി. യുദ്ധസമയത്തും ആ എണ്ണ കപ്പലുകള്‍ നിര്‍ബാധം  യാത്ര തുടര്‍ന്നു. ജോയിയുടെ വിജയഗാഥ അച്ചടിച്ച് വന്ന ഒരു മാഗസിനിലെ 'കപ്പല്‍ ജോയി' എന്ന തലക്കെട്ട് നാട്ടുകാര്‍ പിന്നീട് അദ്ദേഹത്തിന്‍റെ  ജീവതത്തില്‍ സ്ഥിരമായി ചാര്‍ത്തിക്കൊടുത്തു. ഉലഹന്നാല്‍റെ മകന്‍ ജോയി അങ്ങനെ വയനാടിന്റെ 'കപ്പല്‍ മുതലാളി'യായി. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റിഫൈനറിയുടെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ജോയി മരിക്കുന്നത്.

അറയ്ക്കല്‍ പാലസിന്‍റെ ഉടമ

വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന 45,000 ചതുരശ്ര അടിയില്‍ പണികഴിപ്പിച്ച, പേരിനെ അന്വര്‍ത്ഥമാക്കുന്ന അറയ്ക്കല്‍ പാലസ്. കേരളത്തിലെ അത്യാഢംബര വീടുകളില്‍ ഒന്നായ അറയ്ക്കല്‍ പാലസ് അതിന്റെ നിര്‍മ്മാണ ഘട്ടങ്ങളിലെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം അവിടേക്ക് താമസം മാറിയത്. ദുബായിലെ കണ്ണഞ്ചിപ്പിക്കുന്ന നഗരവീഥികള്‍ വിട്ട് പ്രശാന്തസുന്ദരമായ വയനാട്ടില്‍ ഇത്തരമൊരു വീട് പണികഴിപ്പിക്കാനും കൂട്ടുകുംബ സങ്കല്‍പ്പങ്ങള്‍ അന്യമാകുന്ന കാലത്ത് അതിന് അപവാദമാകാനും ജോയിക്ക് തന്‍റേതായ കാരണങ്ങളുണ്ടായിരുന്നു. വയനാട്ടിലെ കാപ്പിത്തോട്ടങ്ങള്‍ക്കടയില്‍ പ്രതിസന്ധികളെ സധൈര്യം നേരിട്ട് ജനിച്ചുവളര്‍ന്ന തനിക്ക് തന്‍റെ മണ്ണിനോടും ഇവിടുത്തെ നാട്ടുകാരോടുമുള്ള ഇഷ്ടം തന്നെയാണ് അറയ്ക്കല്‍ പാലസ് വയനാട്ടില്‍ പണികഴിപ്പിക്കാന്‍ കാരണമായതെന്ന് ജോയി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഏത് രാജ്യത്ത് പോയാലും വയനാടാണ് തനിക്ക് ഏറ്റവും സുന്ദരമായി തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

 ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക്

മാനന്തവാടിയിലെ അറയ്ക്കല്‍ കൊട്ടാരത്തിലെ എയര്‍കണ്ടീഷണര്‍ മുറിയില്‍ സകല ആര്‍ഭാടങ്ങളോടെ കഴിയുമ്പോഴും പിന്നിട്ട വഴികളെ ചേര്‍ത്തുപിടിച്ചതാണ് ജോയിയെ നാട്ടുകാര്‍ക്ക് പ്രിയങ്കരനാക്കിയത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍, പ്രളയം തകര്‍ത്തവരുടെ പുനരധിവാസം,വിദ്യാഭ്യാസം, ചികിത്സാസഹായം, എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോയി സഹായങ്ങള്‍ നല്‍കി. ലക്ഷങ്ങള്‍ ചെലവഴിച്ച് മാനനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ നവീകരിച്ചു.  2108ലെ പ്രളയത്തില്‍ വീട് തകര്‍ന്ന മൂന്നു കുടുംബങ്ങള്‍ക്ക് വീട് വെച്ചു നല്‍കി. വിവിധ സംഘടനകള്‍ വഴി സഹായങ്ങള്‍ എത്തിച്ചതിന് പുറമെയാണിത്. കൊയിലേരി ഉദയാ വായനശാലയുമായി ചേര്‍ന്ന് ഏഴു നിര്‍ധന യുവതികളുടെ വിവാഹം നടത്തിക്കൊടുത്തു. ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹരായ ഒട്ടേറെ ആളുകള്‍ക്ക് പഠന സഹായവും നിര്‍ധനര്‍ക്ക് ചികിത്സാ സഹായവും നല്‍കി.

2019ലെ പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനിടെയാണ് ജോയിയുടെ വിയോഗം. തലപ്പുഴ എസ്റ്റേറ്റില്‍ ഇതിനായി രണ്ടരയേക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നു. ആംസ്റ്റര്‍ മിംസുമായി ചേര്‍ന്നായിരുന്നു പുനരധിവാസ പ്രവര്‍ത്തനങ്ങള്‍. പ്രളയകാലത്ത് നാട്ടുകാര്‍ക്കായി അറയ്ക്കല്‍ പാലസ് വിട്ടുനല്‍കിയിരുന്നു. മാനന്തവാടിയിലെ ഉദയ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യസംഘാടകനായി നാടിന്റെ ഹൃദയതാളത്തിനൊപ്പവും ചേര്‍ന്നു. 

പ്രിയപ്പെട്ട വ്യവസായിയുടെ വരവ് കാത്ത് അറയ്ക്കല്‍ പാലസും വയനാടും

മാര്‍ച്ച് 23നാണ് ദുബായില്‍ വെച്ച് അറയ്ക്കല്‍ ജോയി മരിച്ചത്. ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ അറയ്ക്കല്‍ പാലസിലേക്ക് പ്രവഹിച്ച സന്ദര്‍ശകരെ ഈ കൊവിഡ് കാലത്ത് നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു. നാടിന്റെ പ്രിയപ്പെട്ടവന്റെ വിയോഗം അത്രമേല്‍ വയനാടന്‍ ജനതയെ വേദനിപ്പിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏറെ പ്രതിസന്ധികള്‍ക്കിടയിലും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും മകനെ അവസാനമായി കാണാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് പിതാവ് ഉലഹന്നാന്‍. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഒ ആര്‍ കേള എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി എംപി, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ എന്നിവരും പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, ശശി തരൂര്‍ എംപി എന്നിവരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ദുരിതബാധിതര്‍ക്കായി തുറന്ന അറയ്ക്കല്‍ പാലസിന്റെ വാതിലുകള്‍ ഗൃഹനാഥനെ കാത്തിരിക്കുകയാണ്.

click me!