പെര്‍ഫ്യൂം കുപ്പികളിലൊളിപ്പിച്ച് വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; രണ്ട് വിദേശികള്‍ അറസ്റ്റില്‍

By Web TeamFirst Published Oct 18, 2020, 7:19 PM IST
Highlights

സ്വന്തം രാജ്യത്തേക്ക് കടക്കാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കുപ്പികളില്‍ നിന്ന് പെര്‍ഫ്യൂം മാറ്റിയ ശേഷം സ്വര്‍ണം പൊടിയാക്കിയതും മറ്റ് രാസവസ്തുക്കളും ചേര്‍ന്ന് കുപ്പികളില്‍ നിറയ്ക്കുകയായിരുന്നു.

ഷാര്‍ജ: പെര്‍ഫ്യൂം കുപ്പികളില്‍ ഒളിപ്പിച്ച് സ്വര്‍ണ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച രണ്ട് വിദേശികള്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. 312,000 ദിര്‍ഹം വിലമതിക്കുന്ന 1.6 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ഏഷ്യക്കാരാണ് അറസ്റ്റിലായത്.

സ്വന്തം രാജ്യത്തേക്ക് കടക്കാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയതെന്ന് ഷാര്‍ജ പൊലീസിലെ പോര്‍ട്ട്‌സ് ആന്‍ഡ് എയര്‍പോര്‍ട്ട്‌സ് പൊലീസ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂനിസ് അല്‍ ഹാജിരി പറഞ്ഞു. 42 പെര്‍ഫ്യൂം കുപ്പികളിലായാണ് പ്രതികള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കുപ്പികളില്‍ നിന്ന് പെര്‍ഫ്യൂം മാറ്റിയ ശേഷം സ്വര്‍ണം പൊടിയാക്കിയതും മറ്റ് രാസവസ്തുക്കളും ചേര്‍ന്ന് കുപ്പികളില്‍ നിറയ്ക്കുകയായിരുന്നു. എന്നാല്‍ പരിശോധനക്കിടെ അധികൃതര്‍ ഇത് കണ്ടെത്തുകയും പ്രതികളെ അറസറ്റ് ചെയ്യുകയുമായിരുന്നു.

രണ്ട് സംഘങ്ങള്‍ കൂടി കള്ളക്കടത്തിന് പിന്നിലുണ്ടെന്നും രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണം എത്തിച്ച് പണം സമ്പാദിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും അധികൃതര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 
 

click me!