പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് നാടകം അരങ്ങിലേക്ക്

By Web TeamFirst Published Dec 4, 2019, 9:25 PM IST
Highlights

പ്രവാസി കൂട്ടായ്മയായ മസ്കറ്റ് തിയേറ്റർ ഗ്രൂപ്പിന്റെ അഞ്ചാമത് നാടകം അരങ്ങിലെത്തുന്നു.

മസ്കറ്റ്: മസ്കറ്റ് തിയേറ്റർ ഗ്രൂപ്പിന്റെ അഞ്ചാമത് നാടകം 'എന്റെ മകനാണ് ശരി' അരങ്ങിലെത്തുന്നു. 'അശ്വമേധം', 'മുടിയനായ പുത്രൻ', 'അസ്തമിക്കാത്ത സൂര്യൻ', 'കടലാസുതോണി' എന്നീ നാടകങ്ങൾക്കുശേഷം ഒരു കൂട്ടം പ്രവാസികളുടെ കൂട്ടായ്മയായ  മസ്കറ്റ് തിയേറ്റർ ഗ്രൂപ്പിന്‍റെ അഞ്ചാമത്തെ നാടകമായാണ് 'എന്റെ മകനാണ് ശരി' അരങ്ങിലെത്തുന്നത്. മണ്ണും മണ്ണിലെ അധ്വാനവും തമ്മിലുള്ള ആത്മബന്ധത്തിന്റ് കഥയാണ്  ഈ നാടകത്തിന്റെ ഇതിവൃത്തം .

അധികാരത്തിന്റേയും, ധാര്‍ഷ്ട്യത്തിന്റയും, മറവിൽ മണ്ണിനേയും, മണ്ണിലെ അധികാരത്തെയും എത്ര നികൃഷ്ടതയോടെ കാണുന്നു  എന്നത്  ഈ നാടകത്തിലൂടെ വരച്ചു  കാട്ടുകയാണെന്ന് നാടക  സംവിധായകനായ  കെപിഎസി അൻസാർ ഇബ്രാഹിം പറഞ്ഞു. അധ്വാനിക്കുന്നവരുടെ മുമ്പിൽ അധികാര വർഗ്ഗത്തിന് അടിയറവു പറയേണ്ടി വരുമെന്ന് 'എൻറെ മകനാണ് ശരി'  എന്ന നാടകം ഓർമ്മപ്പെടുത്തുന്നു.

കേരളത്തെ സാമൂഹികമായും രാഷ്ട്രീയമായും, മാറ്റിമറിച്ച  ഈ  നാടകം ജനകീയ നാടക സമിതിയായ കെപിഎസി 1951 ജനുവരി 15-ന് തിരുവനന്തപുരം വിജെടി ഹാളിൽ  ആദ്യമായി അരങ്ങിലെത്തിച്ചിരുന്നു. 68 വർഷങ്ങൾക്കു ശേഷം അൻസാർ മാഷിൻറെ സംവിധാന മികവിൽ തിയേറ്റർ ഗ്രൂപ്പ് മസ്കറ്റ് വീണ്ടും ഈ നാടകം വീണ്ടും അവതരിപ്പിക്കുകയാണ്.  2019 ഡിസംബർ 13, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അൽ ഫലജ് ഓഡിറ്റോറിയത്തിലാണ് നാടകത്തിന്‍റെ പ്രദര്‍ശനം. അരനൂറ്റാണ്ടിനപ്പുറത്ത് നിലനിന്നിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയേയും അതിനെതിരെ തൂലിക ചലിപ്പിച്ച സർഗാത്മകതയും കൂടിയാണ് ഇതോടെ പുനസൃഷ്ടിക്കപ്പെടുന്നത്.

തോപ്പിൽ ഭാസി രചന നിര്‍വ്വഹിച്ച്  ഒഎൻവി കുറുപ്പ് ഗാനങ്ങളെഴുതിയ നാടകത്തിന് സംഗീതം പകര്‍ന്നത് ജി ദേവരാജൻ മാസ്റ്ററാണ്.   രംഗപടം: ആർട്ടിസ്റ്റ് സുജാതൻ, സാങ്കേതിക സഹായം: കെപിഎസി കായംകുളം, സംവിധാനം: അൻസാർ ഇബ്രാഹിം.

കഥാപാത്രങ്ങളും വേഷമിടുന്നവരും

1.പരമുപിള്ള - വിനോദ് അമ്മവീട്.
2. മാത്യു - കേരളൻ കെ പി എ സി.
3. പപ്പു - ബാബു തോമസ് എരുമേലി
4. ഗോപാലൻ - അനിൽ കടക്കാവൂർ.
5. വലിയവീട്ടിൽ കേശവൻ നായർ- ജെയ്സൺ. പി മത്തായി.
6.വേലുച്ചാർ - തോമസ് കുന്നപ്പള്ളി.
7. കറുമ്പൻ - കിരൺ ഹരിപ്രസാദ്.
8. ചേന്നൻ പുലയൻ - മനോഹരൻ ഗുരുവായൂർ.
9. മാല - ശ്രീവിദ്യ രവീന്ദ്രൻ.
10. കല്യാണിയമ്മ - സുധ രഘുനാഥ്
11. സുമം - ഇന്ദു ബാബുരാജ്.
12. മീനാക്ഷി - കിരൺ ലക്ഷ്മി. 

click me!