പ്രവാസി തൊഴിലാളികളെ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍; നാല് അറബ് പൗരന്മാര്‍ അറസ്റ്റില്‍

By Web TeamFirst Published Jan 23, 2021, 10:43 AM IST
Highlights

അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതികളെ തടങ്കലില്‍ വെക്കാനും പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഷ്യക്കാരായ പ്രവാസി തൊഴിലാളികളെ നാല് യുവാക്കള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. 

ദുബൈ: യുഎഇയില്‍ പ്രവാസി തൊഴിലാളികളെ ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ നാല് അറബ് യുവാക്കള്‍ അറസ്റ്റില്‍. വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് പ്രതികള്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ടത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതികളെ തടങ്കലില്‍ വെക്കാനും പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഷ്യക്കാരായ പ്രവാസി തൊഴിലാളികളെ നാല് യുവാക്കള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. നിയമപരമായ കുറ്റകൃത്യങ്ങളാണ് വീഡിയോയില്‍ ദൃശ്യമാവുന്നതെന്ന് യുഎഇ പ്രോസിക്യൂഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിന് പുറമെ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുക, പൊതുമര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളും യുവാക്കള്‍ ചെയ്‍തതായി അധികൃതര്‍ പറയുന്നു.

കടകളിലും റോഡുകളിലും നില്‍ക്കുന്ന പ്രവാസി  തൊഴിലാളികളെ ഉപദ്രവിക്കുക, ചവിട്ടുക, സോക്സ് കൊണ്ട് എറിയുക തുടങ്ങിയവയാണ് തമാശ  രൂപേണ പ്രതികള്‍ ചെയ്യുന്നത്. തൊഴിലാളികള്‍ ആരും പ്രതികരിക്കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുകയോ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചെയ്‍താല്‍ യുഎഇയിലെ നിയമമനുസരിച്ച് അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും.

click me!