ഉറ്റവരുടെ വിവരങ്ങളില്ല; ആശങ്കയോടെ പ്രവാസികള്‍, ഇരുട്ടടിയായി വ്യാജവാര്‍ത്തകളും

By Web TeamFirst Published Aug 9, 2019, 10:05 AM IST
Highlights

കഴിഞ്ഞ ദിവസം വരെ ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഫോണുകള്‍ ചാര്‍ജ് ചെയ്യാനാവാതെ പ്രവര്‍ത്തന രഹിതമായതോടെ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. നിരവധിപ്പേര്‍ വിദേശത്ത് നിന്ന് കണ്‍ട്രോള്‍ റൂമുകളിലും മാധ്യമ സ്ഥാപനങ്ങളിലും വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്. 

ദുബായ്: കേരളത്തിലെ വിവിധ ജില്ലകളില്‍ മഴക്കെടുതികള്‍ ശക്തമാവുമ്പോള്‍ ആശങ്കയുടെ നിമിഷങ്ങള്‍ തള്ളിനീക്കുകയാണ് ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെയുള്ള പ്രവാസികള്‍. ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ എന്ത് ചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പലരും. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും രൂക്ഷമാവുന്ന ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പലയിടങ്ങളിലും ദിവസങ്ങളായി വൈദ്യുതി ബന്ധമില്ല. 

കഴിഞ്ഞ ദിവസം വരെ ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഫോണുകള്‍ ചാര്‍ജ് ചെയ്യാനാവാതെ പ്രവര്‍ത്തന രഹിതമായതോടെ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. നിരവധിപ്പേര്‍ വിദേശത്ത് നിന്ന് കണ്‍ട്രോള്‍ റൂമുകളിലും മാധ്യമ സ്ഥാപനങ്ങളിലും വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്. ദുരന്തമേഖലകളിലുണ്ടായിരുന്ന ഉറ്റവര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിയോ അതോ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണോ എന്നുള്ള വിവരങ്ങളൊന്നും ലഭിക്കുന്നില്ല. വാര്‍ത്താ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്രയം.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും നിരവധി വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പ്രവാസികളെയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയസമയത്തുള്ള ചിത്രങ്ങളും വീഡിയോകളും പോലും ഇപ്പോള്‍ വാട്‍സ്ആപ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. പരിശോധിച്ച് ഉറപ്പുവരുത്താത്ത വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കരുതെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക മാധ്യമങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ആശ്രയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

തിരുവനന്തപുരം: 0471-2730045, 9497711281
കൊല്ലം: 0474-2794002, 9447677800
പത്തനംതിട്ട: 0468-2322515, 8078808915
ആലപ്പുഴ: 0477-2238630, 9495003640
കോട്ടയം: 0481-2304800, 9446562236
ഇടുക്കി: 0486-2233111, 9383463036
എറണാകുളം: 0484-2423513, 7902200400
തൃശ്ശൂര്‍: 0487-2352424, 9447074424
പാലക്കാട്: 0491 -2505309, 8301803282
മലപ്പുറം: 0483-2736320, 9383463212
കോഴിക്കോട്: 0495-2371002, 9446538900
വയനാട്: 0493-6204151, 9446394126
കണ്ണൂര്‍: 0497-2713266, 9446682300
കാസര്‍കോട്: 0499-4257700, 9446601700
നെടുന്പാശ്ശേരി വിമാനത്താവളം എമർജൻസി കൺട്രോൾ റൂം നന്പർ: 0484 3053500.

click me!