Latest Videos

തൊഴിലാളികൾക്ക്​ ഇഷ്​ടമുള്ളപ്പോൾ നാട്ടിൽ പോകാം, സ്​പോൺസർഷിപ്പ്​ മാറാം: നിയമപരിഷ്‍കാരത്തിനൊരുങ്ങി സൗദി

By Web TeamFirst Published Feb 24, 2020, 3:35 PM IST
Highlights

കിങ് അബ്​ദുൽ അസീസ് നാഷനൽ ഡയലോഗ് സെൻററിൽ നടന്ന ചർച്ചയിൽ രാജ്യത്തെ തൊഴിൽ മേഖല മെച്ചപ്പെടുത്താനും വിദേശത്ത്​ സൗദി അറേബ്യയുടെ സൽപ്പേര് നിലനിർത്താനും ഉപകരിക്കുന്ന നിരവധി നിർദേശങ്ങൾ മുന്നോട്ട് വെച്ചു.

റിയാദ്: സൗദിയിലെ വിദേശി ​തൊഴിലാളികൾക്ക്​ ഇഷ്​ടമുള്ള സമയത്ത്​ നാട്ടിൽ പോകാനും സ്​പോൺസർഷിപ്പ്​ മാറാനും അനുവാദം നൽകുന്ന നിയമ പരിഷ്​കാരത്തിന്​ തൊഴിൽ മന്ത്രാലയം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ തൊഴിലുടമകളുമായി ചർച്ച നടത്തി. തൊഴിലുടമയുടെ അനുമതിയില്ലാതെ സ്വന്തം ഇഷ്​ടപ്രകാരം സ്‌പോൺസർഷിപ്പ് മാറ്റാനും റീ എൻട്രി, എക്സിറ്റ് വിസ നടപടി പൂർത്തീകരിക്കാനും വിദേശ തൊഴിലാളികൾക്ക്​ അനുവാദം നൽകുന്നതിനെ കുറിച്ചായിരുന്നു​​ ചർച്ച. 

കിങ് അബ്​ദുൽ അസീസ് നാഷനൽ ഡയലോഗ് സെൻററിൽ നടന്ന ചർച്ചയിൽ രാജ്യത്തെ തൊഴിൽ മേഖല മെച്ചപ്പെടുത്താനും വിദേശത്ത്​ സൗദി അറേബ്യയുടെ സൽപ്പേര് നിലനിർത്താനും ഉപകരിക്കുന്ന നിരവധി നിർദേശങ്ങൾ മുന്നോട്ട് വെച്ചു. തൊഴിലുടമയുടെ അനുവാദം കൂടാതെ സ്‌പോൺസർഷിപ്പ് മാറുക, റീ എൻട്രി, എക്സിറ്റ് വിസ നടപടികൾ സ്വന്തമായി പൂർത്തീകരിക്കാനാവുക എന്നിവയാണ് മുഖ്യമായും ചർച്ച ചെയ്‌തത്‌. തൊഴിലാളി സൗദിയിൽ വന്ന് ഒരു വർഷമോ അതല്ലെങ്കിൽ മുൻകൂട്ടി സേവനവേതന കരാർപ്രകാരം നിർണയിക്കുന്ന കാലാവധിയോ പിന്നിടുന്നതോടെ പുതിയ തൊഴിലുടമയിലേക്ക് മാറാൻ അനുവാദം ഉണ്ടാവണമെന്നാണ് പ്രസക്തമായ നിർദേശം.

അതുപോലെ ഉദ്ദേശിക്കുന്ന സമയത്ത് തൊഴിലാളികൾക്ക്​ റീ എൻട്രി വിസയിൽ പോകാനും സാധിക്കണം. എന്നാൽ ഇത്തരത്തിൽ രാജ്യം വിടുന്നവർ നിർണിത കാലാവധിക്കുള്ളിൽ തിരിച്ചുവന്നില്ലെങ്കിൽ അഞ്ചു വർഷത്തേക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് വരാൻ അനുവദിക്കരുതെന്ന് നിബന്ധന ഉണ്ടായിരിക്കണമെന്ന്​ ചർച്ചയിൽ ആവശ്യം ഉയർന്നു. പ്രഫഷൻ പരിഗണന കൂടാതെ എല്ലാവർക്കും ഇത് അനുവദിക്കണമെന്നും നിർദേശമുണ്ടായി.

അതേസമയം എക്സിറ്റ് വിസയിൽ പോകുന്നയാൾക്ക്​ തൊഴിലുടമയുടെ അനുവാദം നിർബന്ധമാക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ നിർദേശം വെച്ചു. കരാർ കാലാവധി കഴിയുന്നതിന് മുമ്പ് എക്സിറ്റിൽ പോകുന്നവർക്ക് അഞ്ചു വർഷത്തേക്ക് പുതിയ തൊഴിലുടമയുടെ കീഴിൽ വരുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നും അഭിപ്രായമുണ്ടായി. രാജ്യത്ത് നിലവിലുള്ള തൊഴിലാളികളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക, റിക്രൂട്ടിങ് കുറക്കുക, വിദേശത്ത്​ സൗദിയുടെ സൽപ്പേര് ഉയർത്തുക, അവകാശ ലംഘനം കുറക്കുക എന്നിവയാണ് പുതിയ ചർച്ചയുടെയും നിർദേശങ്ങളുടെയും ലക്ഷ്യമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

click me!