പ്രവാസികളുടെ നെഞ്ചിടിപ്പേറ്റി ഒമാനിലെ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം

By Web TeamFirst Published Dec 27, 2018, 12:34 AM IST
Highlights

മൂന്നു പ്രധാന തസ്തികകളിൽ നൂറു ശതമാനവും സ്വദേശിവത്കരിക്കാൻ തീരുമാനമായി. മലയാളികളടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും

മസ്ക്കറ്റ്: ഒമാൻ ആരോഗ്യമന്ത്രാലയം സ്വദേശിവൽക്കരണം ശക്തമാക്കുന്നു. മൂന്നു പ്രധാന തസ്തികകളിൽ നൂറു ശതമാനവും സ്വദേശിവത്കരിക്കാൻ തീരുമാനമായി. മലയാളികളടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. എക്‌സ് റേ ടെക്‌നീഷ്യൻ , സ്പീച്ച് തെറപിസ്റ്റ്, ന്യുട്രീഷനിസ്റ്റ് എന്നി തസ്തികകൾ നൂറു ശതമാനം സ്വദേശിവത്കരിക്കുവാൻ ആണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

ഈ തസ്തികകളിലെ പുതിയ നിയമനത്തിനായി ആരോഗ്യ മന്ത്രാലയം സ്വദേശികളിൽ നിന്ന് മാത്രമായി അപേക്ഷകൾ ക്ഷണിച്ചു കഴിഞ്ഞു. ഫാർമസിസ്റ് തസ്തികയിൽ ബിരുദധാരികളായ വിദേശികളുടെ വിസകൾ മാത്രമേ മന്ത്രാലയം ഇപ്പോൾ പുതുക്കി നൽകുന്നുള്ളൂ.

നിലവിൽ ഈ മേഖലയിൽ മലയാളികൾ ഉള്‍പ്പെടെ ധാരാളം വിദേശികൾ ജോലി ചെയ്തു വരുന്നുണ്ട്.
ഒമാനിലെ വിവിധ സർവകലാശാലകളിൽ നിന്നും പുറമെ വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി സ്വദേശി വിദ്യാർത്ഥികൾ ആണ് വ്യത്യസ്ത മെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കി രാജ്യത്തെ തൊഴിൽ വിപണിയിൽ എത്തുന്നത്.

ഇവർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാൻ ആണ് സർക്കാർ വിദേശികളെ ഈ മേഖലയിൽ നിന്നും ഒഴിവാക്കുന്നത്. രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയിൽ ധാരാളം പുതിയ വിദേശ നിക്ഷേപങ്ങൾ വരുന്നതിനാൽ ഈ രംഗത്ത് തൊഴിൽ അവസരങ്ങൾ വർധിക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യ ആരോഗ്യ മേഖലയിൽ വിദേശികളുടെ തള്ളിക്കയറ്റം മൂലം സ്വദേശികളുടെ അവസരങ്ങൾ നഷ്ടപെടാതിരിക്കുവാനുമാണ് ഈ നിയന്ത്രണം.

click me!