'വിശ്വസിക്കാൻ പ്രയാസമാണ്, പൈലറ്റ് കാണികളെ രക്ഷിക്കാൻ ശ്രമിച്ചതായി തോന്നി'; തേജസ് യുദ്ധവിമാനം തകർന്നുവീണതിന്‍റെ ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ

Published : Nov 22, 2025, 12:50 PM IST
 tejas jet crashes at dubai

Synopsis

ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. വിമാനം നിലം പതിച്ചതോടെ വലിയ പുകപടലം ആകാശത്തേക്ക് ഉയർന്നു. എമർജൻസി ടീമുകൾ ഉടൻ തന്നെ അപകടസ്ഥലത്തേക്ക് പാഞ്ഞെത്തി.

ദുബൈ: ദുബൈ എയർഷോയുടെ അവസാന ദിവസത്തെ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണത് എയർഷോ കാണാനെത്തിയ ആളുകൾക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. വിമാനം നിലം പതിച്ചതോടെ വലിയ പുകപടലം ആകാശത്തേക്ക് ഉയർന്നു. എമർജൻസി ടീമുകൾ ഉടൻ തന്നെ അപകടസ്ഥലത്തേക്ക് പാഞ്ഞെത്തി. വളരെ ആവേശത്തോടെയും അമ്പരപ്പോടെയും എയര്‍ഷോ ആസ്വദിച്ച് കൊണ്ടിരുന്ന കാണികളാണ് അപ്രതീക്ഷിതമായി ഒരു ദുരന്തത്തിന് സാക്ഷികളായത്.

ഒരു നിമിഷത്തിൽ വലിയ ദുരന്തം

അവസാന റൗണ്ട് എയറോബാറ്റിക്‌സിനായി രാവിലെ മുതൽ വലിയ ജനക്കൂട്ടം എയർഷോ വേദിയിൽ തടിച്ചുകൂടിയിരുന്നു. ഉച്ചയ്ക്ക് 1:30 ഓടെ ഇന്ത്യയുടെ സൂര്യ കിരൺ ടീം നടത്തിയ ഇന്ത്യ-യുഎഇ ബന്ധം ആഘോഷിച്ചുകൊണ്ടുള്ള ഹൃദയാകൃതിയിലുള്ള പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.ഒരു നിമിഷം കൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്.

മിനിറ്റുകൾക്ക് ശേഷം, ഒരു എഫ്-35 ജെറ്റിന്‍റെ ശബ്ദം കാഴ്ചക്കാരെ ആവേശം കൊള്ളിച്ചു. ഉച്ചയ്ക്ക് 2:10 ന് ശേഷമാണ് മറ്റൊരു ജെറ്റ് ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഇത് ഇന്ത്യയുടെ തേജസ് ആണെന്ന് ഏവിയേഷൻ മാധ്യമപ്രവർത്തകർ തിരിച്ചറിഞ്ഞു. പ്രകടനം ആരംഭിച്ച് ഏകദേശം മൂന്ന് മിനിറ്റുകൾക്ക് ശേഷം, വിമാനം കുത്തനെ മുകളിലേക്ക് കയറുകയും മധ്യഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നുകയും ചെയ്തു. തുടർന്ന് അത് കാണികൾക്ക് മുന്നിലുള്ള തുറന്ന സ്ഥലത്തേക്ക് അതിവേഗം തകർന്നുവീഴുകയായിരുന്നു.

ഞെട്ടൽ മാറാതെ കാണികൾ

'ഞാൻ ഫോണിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. ചുറ്റും ബഹളം ഉയർന്നപ്പോൾ ഞാൻ സ്തംഭിച്ചുപോയി. ഓഹ് മൈ ഗോഡ്... പൈലറ്റ് സുരക്ഷിതനായിരിക്കുമെന്ന് കരുതുന്നു' ഒരു ഫിലിപ്പിനോ സന്ദർശക ഭയത്തോടെ പറഞ്ഞതായി ‘ഗൾഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. 'ഞങ്ങൾ എയർഷോ കാണുകയായിരുന്നു, പെട്ടെന്ന് പുകയും ഒരു സ്‌ഫോടനവും കണ്ടു. ആളുകൾ ഓടാനും നിലവിളിക്കാനും തുടങ്ങി. ഉടൻ തന്നെ ആംബുലൻസ് എത്തി'- സംഭവത്തിന്‍റെ ദൃക്‌സാക്ഷിയായ ഷഹദ് അൽനാഖ്ബി പറഞ്ഞു. നിമിഷങ്ങൾക്കകമാണ് ദുരന്തം സംഭവിച്ചതെന്നാണ് ഭാര്യ ഷൈനിക്കും മകൾ ആഷ്‌ലിക്കുമൊപ്പം ഷോ കാണുകയായിരുന്ന പ്രവാസി മലയാളി ഷാജുദീൻ ജബ്ബാർ പറഞ്ഞത്.

'ഈ ദാരുണമായ അപകടം സംഭവിക്കുന്നതുവരെ അതൊരു അത്ഭുതകരമായ ഷോ ആയിരുന്നു. വിമാനം താഴേക്ക് പോകുന്നതിന് മുമ്പ് തിരിഞ്ഞ രീതി കണ്ടിട്ട്, പൈലറ്റ് കാണികളെ രക്ഷിക്കാൻ ശ്രമിച്ചതായി ശക്തമായി തോന്നുന്നു. അദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിയാത്തത് നിർഭാഗ്യകരമാണ്. ഒരാൾ കൺമുന്നിൽ മരിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്—പ്രത്യേകിച്ച് അത് ഒരു ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റ് ആണെന്ന് അറിയുമ്പോൾ' അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇതൊരു ദുരന്തകരവും അപ്രതീക്ഷിതവുമായ സംഭവമായിരുന്നു. എന്‍റെ ആദ്യത്തെ എയർഷോ ആയിരുന്നു ഇത്. എന്‍റെ സഹോദരൻ മുഹമ്മദ് ഉസ്മാനൊപ്പം വ്യോമാഭ്യാസ പ്രദർശന ഏരിയയിൽ പ്രവേശിച്ചപ്പോൾ പെട്ടെന്നാണ് വിമാനം താഴേക്ക് പോകുന്നത് കണ്ടത്. അത് നമ്മുടെ തേജസ് വിമാനമായിരുന്നു എന്ന് അറിഞ്ഞതിൽ ദുഃഖമുണ്ട്. പൈലറ്റ് രക്ഷപ്പെട്ടില്ലെന്ന് വായിച്ചു. ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം," എട്ട് വർഷമായി ദുബൈ നിവാസിയായ ഹാഫിസ് ഫൈസൽ മദ്നി പറഞ്ഞു.

വിശ്വസിക്കാൻ പ്രയാസം

'ഞാൻ ഷോയിലേക്ക് നടന്നുപോകുമ്പോഴാണ് ജെറ്റ് താഴേക്ക് പതിക്കുന്നത് കണ്ടത്. അതൊരു ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഇതുപോലൊന്ന് സംഭവിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. വിമാനം താഴേക്ക് പതിക്കാൻ എന്തെങ്കിലും പവർ ഫെയിലിയർ സംഭവിച്ചതായി തോന്നി'- ദുബൈയിലെ താമസക്കാരനായ നജീബ് പേരുളി ഓർമ്മിച്ചു.

അടുത്തുള്ള പ്രദേശത്ത് പോലും അപകടത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു എന്നാണ് ഇമാൻ സൗത്തിലെ താമസക്കാരനായ വിൻസ്റ്റൺ ലോബോ പറഞ്ഞത്, വീടിന് വളരെ അടുത്താണ് അപകടം സംഭവിച്ചതെന്നും വലിയൊരു ശബ്ദം കേട്ടതായും അദ്ദേഹം പറഞ്ഞു. പൈപ്പുകളുടെ കൂമ്പാരം താഴെ വീണതാണെന്നാണ് കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടം സംഭവിച്ച് ഒരു മിനിറ്റിനുള്ളിൽ സിവിൽ ഡിഫൻസ്, പൊലീസ്, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. ഷോ നിർത്തിവെക്കുകയും, കാണികളോട് പ്രദർശന ഹാളുകളിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം സന്തോഷം സങ്കടമായി മാറി. 2:40 ഓടെ രക്ഷാപ്രവർത്തന ഹെലികോപ്റ്റർ അപകടസ്ഥലത്ത് നിന്ന് പറന്നുയർന്നു. 

അതേസമയം വിമാന ദുരന്തത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി. അപകടം സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ