
ദുബായ്: ദുബായിലെ എയർ ഷോയ്ക്കിടെ തേജസ് വിമാനം തകർന്നുവീണതിൽ അന്വേഷണം തുടങ്ങി വ്യോമസേന. വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി. അപകടം സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. അപകടത്തിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്നതിൽ പരിശോധന തുടരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ദുബായ് എയർ ഷോയ്ക്കിടെ ഇന്നലെയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധവിമാനമായ തേജസ്. ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ സൂപ്പർസോണിക് കോംബാറ്റ് എയർക്രാഫ്റ്റുകളിൽ ഒന്നാണിത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണെന്ന വാർത്ത വരുമ്പോൾ എന്താവും സംഭവിച്ചത് എന്ന ഞെട്ടലിലാണ് രാജ്യം.
തേജസ് ദുരന്തത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്കും വീരമൃത്യു വരിച്ച വിംഗ് കമന്ഡർ നമൻശ് സ്യാലിന്റെ കുടുംബത്തിനും അനുശോചനം അറിയിച്ച് ദുബായ് സിവിൽ എവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തും. കടുത്ത ദുഃഖം അറിയിക്കുന്നു എന്നും ഇന്ത്യൻ എയർഫോഴ്‌സിനു പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബായ് എയർഷോ സംഘാടകരും അനുശോചനം അറിയിച്ചു.
വലിയ നഷ്ടത്തിൽ കുടുംബത്തിന് ഒപ്പം നിൽക്കുന്നു എന്ന് ദുബായ് എയർഷോ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ദുഃഖം പങ്കുവെക്കുന്നു എന്നും എല്ലാ അംഗങ്ങളും സുരക്ഷിതരായി ഇരിക്കട്ടെ എന്നും സംഘടകർ ആശംസിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ