
ദുബായ്: പൊലീസ് വാഹനത്തിന് സമാനമായ തരത്തില്‍ ലൈറ്റുകളും സൈറണും ഘടിപ്പിച്ച വാഹനത്തിലെത്തി കവര്‍ച്ചയും തട്ടിക്കൊണ്ടുപോകലും. 11 വയസുള്ള കുട്ടിയെയുമായി സ്കൂളിലേക്ക് പോവുകയായിരുന്ന കാറാണ് അഞ്ചംഗ സംഘം തട്ടിയെടുത്തത്. ഡ്രൈവറെയും കുട്ടിയെയും വഴിയില്‍ ഇറക്കിവിട്ട ശേഷം വാഹനം തട്ടിയെടുക്കുകയായിരുന്നു.
കേസില്‍ 25നും 41നും ഇടയില്‍ പ്രായമുള്ള അഞ്ച് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. ഒക്ടോബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫാമിലെ ഡ്രൈവറായി ജോലി ചെയ്തിരുന്നയാള്‍ 11 വയസുള്ള ഇന്ത്യന്‍ ബാലനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു കവര്‍ച്ച. സൈറണ്‍ മുഴക്കിയെത്തിയ വാഹനം ഇവരുടെ കാറിന്റെ മുന്നില്‍ നിര്‍ത്തി. പൊലീസ് വാഹനമാണെന്ന് തോന്നിയത് കൊണ്ട് ഡ്രൈവര്‍ കാര്‍ നിര്‍ത്തി. പൊലീസ് വേഷത്തിലെത്തിയ തട്ടിപ്പുകാര്‍ വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറങ്ങാന്‍ നിര്‍ദ്ദേശിച്ചു. ഡ്രൈവര്‍ പുറത്തിറങ്ങിയെങ്കിലും കുട്ടി ഇറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് തട്ടിപ്പുകാര്‍ വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു പോവുകയായിരുന്നു.
200 മീറ്ററോളം മുന്നോട്ട് പോയ ശേഷം വാഹനം നിര്‍ത്തി, കുട്ടിയെ തള്ളി നിലത്തിട്ട ശേഷം വീണ്ടും ഓടിച്ചുപോയി. ഡ്രൈവര്‍ അല്‍പദൂരം പിന്നാലെ ഓടിയെങ്കിലും കുട്ടിയെ കണ്ടെത്തിയതോടെ ഇയാള്‍ പിന്‍വാങ്ങി. അതുവഴി വന്ന മറ്റൊരു വാഹനത്തിലുള്ളവരുടെ സഹായത്തോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. 8151 സൗദി ദിര്‍ഹം, 15 യൂറോ, 150 ദിര്‍ഹം എന്നിവയും ഡ്രൈവറുടെ മൊബൈല്‍ ഫോണുകളും വാഹനത്തിലുണ്ടായിരുന്നു. ഇതിന് പുറമെ ഒരു കവറില്‍ 2,206 ദിര്‍ഹം വേറെയുമുണ്ടായിരുന്നു.
ലഹ്ബാബ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ പിന്നീട് കാര്‍ ഉപേക്ഷിച്ചു. ഇത് കണ്ടെത്തിയ പൊലീസ് വാഹനത്തില്‍ നിന്ന് കിട്ടിയ വിരലടയാളങ്ങള്‍ ഉപയോഗിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഫാമിലെ ഒരു ജീവനക്കാരനാണ് വാഹനത്തില്‍ പണമുണ്ടാകുമെന്ന് സംഘത്തെ അറിയിച്ചത്. ഫാമില്‍ നിന്ന് പണം ബാങ്കിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. തട്ടിക്കൊണ്ടുപോകലിന് പുറമെ പിടിച്ചുപറി, പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്, കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തികള്‍ തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ദുബായ് കോടതി, കേസ് ഏപ്രില്‍ 17ലേക്ക് മാറ്റിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam