പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജന്മാര്‍; യുഎഇയില്‍ പിടിച്ചെടുത്തത് വന്‍ശേഖരം

By Web TeamFirst Published Oct 26, 2019, 5:43 PM IST
Highlights

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ ബ്രാന്‍ഡുകളുടെ ബാഗുകളും മറ്റും ഇവിടെ വ്യാജമായി നിര്‍മിച്ചശേഷം വില്‍പ്പനയ്ക്കെത്തിക്കുകയായിരുന്നു. വലിയ വിലയ്ക്കാണ് വ്യാജ ഉല്‍പ്പന്നങ്ങളും വിറ്റഴിച്ചിരുന്നത്. 

ഉമ്മുല്‍ഖുവൈന്‍: യുഎഇ സാമ്പത്തിക വികസന വകുപ്പും ഉപഭോക്തൃ സംരക്ഷണ വകുപ്പും നടത്തിയ സംയുക്ത പരിശോധനയില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. പ്രമുഖ ബ്രാന്‍ഡുകളുടെ ലേബല്‍ പതിച്ച 965 ബാഗുകളും ഇവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമാണ് പിടിച്ചെടുത്തത്.  അല്‍ തൂബ് വ്യവസായ മേഖലയിലെ ഒരു ഗോഡൗണിലായിരുന്നു അധികൃതരുടെ പരിശോധന. 

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ ബ്രാന്‍ഡുകളുടെ ബാഗുകളും മറ്റും ഇവിടെ വ്യാജമായി നിര്‍മിച്ചശേഷം വില്‍പ്പനയ്ക്കെത്തിക്കുകയായിരുന്നു. വലിയ വിലയ്ക്കാണ് വ്യാജ ഉല്‍പ്പന്നങ്ങളും വിറ്റഴിച്ചിരുന്നത്. പ്രശസ്തമായ ഒരു ബ്രാന്‍ഡിന്റെ പേരില്‍ നിര്‍മിച്ച 600 ലേഡീസ് ഹാന്റ് ബാഗുകളും വിവിധ വലിപ്പത്തിലുള്ള 55 ബാഗുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.  

വാഹനങ്ങളുടെ സ്പെയര്‍ പാര്‍ടുകളും ഇവിടെ നിര്‍മ്മിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ പേരിലുള്ള 10 കാര്‍ട്ടന്‍ സ്പെയര്‍ പാര്‍ട്സ് പിടിച്ചെടുക്കുകയും ചെയ്തു. ടൊയോറ്റ, മെര്‍സിഡസ് ബെന്‍സ് എന്നിവയുടെ ലോഗോകള്‍ പതിച്ചവയായിരുന്നു ചിലത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത സാധനങ്ങള്‍ അധികൃതര്‍ നശിപ്പിച്ചു. സമാന രീതിയില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

click me!