
കുവൈത്ത് സിറ്റി: കുവൈത്തിലെ കമ്പനികളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് എംബസിയുടെ വെബ്സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വ്യാജ ഏജന്റുമാര്‍ കുവൈറ്റിലെ പ്രമുഖ കമ്പനികളുടെ പേരില്‍ ജോലി വാഗ്ദാനം നല്‍കി ഇന്ത്യയില്‍ നിന്ന് ആളുകളെ എത്തിക്കുകയാണ് ചെയ്യുന്നത്. വേണ്ടത്ര പരിശോധനകളോ അന്വേഷണങ്ങളോ നടത്താതെ തൊഴില്‍ അന്വേഷകര്‍ കുവൈത്തില്‍ എത്തുകയോ അല്ലെങ്കില്‍ ഏജന്റുമാര്‍ക്ക് വന്‍തുക നല്‍കുകയോ ചെയ്യും. ഇല്ലാത്ത ജോലിയ്ക്കായി കുവൈത്തില്‍ എത്തപ്പെടുന്ന ഇവര്‍ പിന്നീട് ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതമനുഭവിക്കുകയാവും ചെയ്യുന്നതെന്ന് എംബസി വ്യക്തമാക്കുന്നു.
ജോലി സംബന്ധിച്ച വാഗ്ദാനങ്ങള്‍ ലഭിക്കുമ്പോള്‍ അവ കൃത്യമായി പരിശോധിക്കണം. എംബസിയുടെ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കമ്പനിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന വിസയാണോ എന്ന് പരിശോധിക്കണം. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ സംശയിച്ചാല്‍ എംബസി ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാം. ഇ-മെയില്‍ attachelabour@indembkwt.gov.in, labour@indembkwt.gov.in
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam