'അച്ഛാ ഞാനിപ്പോൾ കപ്പലിൽ കയറും'; ശുഭയാത്ര നേർന്ന് പിതാവിന്‍റെ സന്ദേശം, പിറ്റേന്ന് അറിഞ്ഞത് മകന്‍റെ മരണ വാർത്ത

Published : Jul 09, 2025, 02:00 PM ISTUpdated : Jul 09, 2025, 02:45 PM IST
Anurag Tiwari

Synopsis

എഞ്ചിന്‍ റൂമിലേക്ക് അനുരാഗിനെ തനിയെ അയച്ചതില്‍ കുടുംബം സംശയം ഉന്നയിക്കുന്നുണ്ട്. 'ഒറ്റയ്ക്ക് ആരും അകത്ത് പോകില്ലെന്ന് അനുരാഗ് തങ്ങളോട് വ്യക്തമായി പറഞ്ഞിരുന്നു. ജോലി ഒരുമിച്ച് ചെയ്യേണ്ടതായിരുന്നു. 

ഷാര്‍ജ 'അച്ഛാ ഞാനിപ്പോള്‍ കപ്പലില്‍ കയറും', മറൈന്‍ എഞ്ചിനീയറായ ഇന്ത്യക്കാരന്‍ അനുരാഗ് തിവാരി അവസാനമായി തന്‍റെ അച്ഛനോട് വീഡിയോ കോളില്‍ ജൂൺ 28ന് പറഞ്ഞ വാക്കുകളാണിത്. സന്തോഷത്തോടെ ആ സംസാരം അവസാനിപ്പിച്ചപ്പോള്‍ അച്ഛന്‍ ഒരിക്കലും വിചാരിച്ചില്ല ഇനി തന്‍റെ മകന്‍റെ ശബ്ദം കേള്‍ക്കാനാകില്ലെന്ന്. ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് അനുരാഗിന്‍റെ കുടുംബത്തെ തേടി അനുരാഗിന്‍റെ മരണ വാര്‍ത്തെയെത്തി.

ലഖ്നൗ സ്വദേശിയായ 33കാരന്‍ അനുരാഗ് തിവാരി പുതിയ ദൗത്യത്തിനായാണ് ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയത്. വാണിജ്യ കപ്പലായ ജന 505ലേക്ക് പോകാനായാണ് അനുരാഗ് ഷാര്‍ജയിലേക്ക് പുറപ്പെട്ടത്. ജൂൺ 29ന് ഇന്ത്യന്‍ സമയം പുലര്‍ച്ച് നാല് മണിക്ക് പുതിയ ദൗത്യത്തിന് പോകാനായൊരുങ്ങിയ മകന് പിതാവ് അനില്‍ തിവാരി ഒരു സന്ദേശം അയച്ചു- 'ബെസ്റ്റ് ഓഫ് ലക്ക്'. എന്ന ആ സന്ദേശത്തിന് മറുപടി ലഭിച്ചില്ല. നെറ്റ്‍വര്‍ക്ക് പ്രശ്നം മൂലം ആയിരിക്കുമെന്ന് പിതാവ് കരുതി. അന്ന് രാത്രി 9.38 മണിക്ക് കുടുംബത്തിന് ഒരു കോള്‍ ലഭിച്ചു, അനുരാഗ് പോയി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരു കുടുംബത്തിന്‍റെ സന്തോഷവും പ്രതീക്ഷയും കണ്ണീരില്‍ അലിഞ്ഞു.

അന്ന് കപ്പലില്‍ സംഭവിച്ചത്

മുംബൈ ആസ്ഥാനമാക്കിയുള്ള ഒരു പ്ലേസ്മെന്‍റ് ഏജന്‍സിയായ അവിഷ്ക ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് (എഎസ്പിഎൽ) അയച്ച ഇ മെയിലില്‍ പറയുന്നത് ഇങ്ങനെ- കപ്പലിലെ എഞ്ചിന്‍ മുറിയില്‍ അനുരാഗിനെ ബോധരഹിതനായി കാണപ്പെടുകയായിരുന്നു. സിപിആര്‍ നല്‍കുകയും ജീവനക്കാര്‍ അനുരാഗിനെ ബോട്ടില്‍ തുറമുഖത്തേക്ക് എത്തിക്കുകയും ചെയ്തു. പക്ഷേ അടിയന്തര രക്ഷാ പ്രവര്‍ത്തക സംഘമെത്തി പരിശോധിച്ചപ്പോള്‍ പള്‍സ് ഇല്ലായിരുന്നു. ഹീറ്റ്സ്ട്രോക്ക് മൂലം പല അവയവങ്ങളും തകരാറിലായതാണ് മരണ കാരണമെന്നാണ് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അവിഷ്ക ഷിപ്പിങ് കമ്പനിയെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കമ്പനിയുടെ ഈ വിശദീകരണത്തിലൂടെ കുടുംബത്തിന്‍റെ ആശങ്കകള്‍ക്ക് മറുപടി ലഭിക്കാത്തതിനാല്‍ കുടുംബം തൃപ്തികരമല്ലായിരുന്നു. തങ്ങളുടെ മകന്‍റെ മരണത്തിന്‍റെ കാരണം കണ്ടെത്താന്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എഞ്ചിന്‍ റൂമിലേക്ക് അനുരാഗിനെ തനിയെ അയച്ചത് എന്തിനാണെന്നാണ് പിതാവ് ചോദിക്കുന്നത്. എൻജിൻ റൂമിലേക്ക് മകനെ ഒറ്റയ്ക്ക് അയച്ചതിനെ അനിൽ ചോദ്യം ചെയ്തു. ഇത് സംഘമായി ചെയ്യേണ്ട ജോലിയായിരുന്നെന്ന് അദ്ദേഹം പറയുന്നു. 'ഒറ്റയ്ക്ക് ആരും അകത്ത് പോകില്ലെന്ന് അനുരാഗ് തങ്ങളോട് വ്യക്തമായി പറഞ്ഞിരുന്നു. ജോലി ഒരുമിച്ച് ചെയ്യേണ്ടതായിരുന്നു. പിന്നെ അവൻ എന്തിനാണ് ഒറ്റയ്ക്ക് പോയത്'?-അനില്‍ ചോദിക്കുന്നു. അടിയന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് കുടുംബം വിശ്വസിക്കുന്നു. വിഷവാതകങ്ങളെ കുറിച്ച് എസ്ഒപി കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒരു വ്യക്തി അകത്തേക്ക് കയറുന്നതിന് മുമ്പ് അവിടെ വായുസഞ്ചാരം ഉറപ്പാക്കേണ്ടത് ഉണ്ടായിരുന്നു എന്നും അനില്‍ പറയുന്നു.

നടന്ന സംഭവങ്ങളില്‍ വ്യക്തത കുറവുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. എപ്പോഴാണ് അനുരാഗിനെ എഞ്ചിന്‍ റൂമിലേക്ക് അയച്ചത്, ആരാണ് അനുരാഗിനെ കണ്ടെത്തിയത്, ഉടനടി എന്ത് മെഡിക്കല്‍ സഹായമാണ് ലഭ്യമാക്കിയത് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. 'അവൻ ശ്വാസമെടുക്കുന്നുണ്ടായിരുന്നെങ്കിൽ പോലും അബോധാവസ്ഥയിലായിരുന്നെങ്കിൽ എന്തിനാണ് സിപിആർ ചെയ്തത്? ഹൃദയം നിലയ്ക്കുമ്പോഴാണ് സാധാരണയായി അത് ചെയ്യുന്നത്. ഞങ്ങൾക്ക് സത്യസന്ധമായ ഉത്തരങ്ങൾ മാത്രം മതി'-അനില്‍ പ്രതികരിച്ചു.

ജൂൺ 19 നാണ് അനുരാഗ് ദുബൈയിൽ കപ്പൽ ജോലിക്കായി ചേർന്നത്. സിംഗപ്പൂർ ആസ്ഥാനമായുള്ള സിനർജി ഷിപ്പ് അറേബ്യ എന്ന കമ്പനിയിൽ തേർഡ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. സൗദി കോൺഗ്ലോമറേറ്റിന്റെ ഉടമസ്ഥതയിലുള്ള ജാന 505 എന്ന കപ്പലിന്റെ പ്രവർത്തനങ്ങൾക്കായുള്ള മേൽനോട്ടം വഹിക്കുകയായിരുന്നു സിനർജി ഷിപ്പ് അറേബ്യ. എഎസ്പിഎലിന്റെ ജനറൽ മാനേജർ കുടുംബത്തിന് അയച്ച കത്തിൽ ഓഫ്‌ലോഡിങ് പ്രവർത്തനങ്ങൾക്കിടെ അനുരാഗ് തളർന്ന് എൻജിൻ റൂമിൽ വീണു എന്നാണ് പറയുന്നത്. എന്നാൽ, തന്റെ മകൻ ആദ്യം ഡെക്കിൽ ബോധരഹിതനായെന്നാണ് തങ്ങളോട് പറഞ്ഞതെന്ന് അനിൽ പറഞ്ഞു. അതൊരു ഗുരുതരമായ വൈരുധ്യമാണ്. ഡെക്കും എൻജിൻ റൂമും തികച്ചും വ്യത്യസ്തമായ സ്ഥലങ്ങളാണ്.

സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യൻ കോൺസുലേറ്റ്

കുടുംബവുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതായും ദുബൈയിലെ ഇന്ത്യന്‍ കോൺസുലേറ്റ് ഖലീജ് ടൈംസിനോട് പറഞ്ഞു. ജൂലൈ അഞ്ചിന് നാട്ടിലെത്തിച്ച അനുരാഗിന്‍റെ മൃതദേഹം അന്ന് വൈകിട്ട് സംസ്കരിച്ചു. അനുരാഗിന്‍റെ മൂന്നു വയസ്സുള്ള മകന്‍ ഇപ്പോഴും അച്ഛനെ തിരക്കാറുണ്ടെന്ന് അനില്‍ പറയുന്നു. യുഎഇ അധികൃതര്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വിഷവാതകം ശ്വസിച്ചോയെന്ന് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. വിഷവാതകം ശ്വസിച്ചോയെന്ന് കണ്ടെത്താന്‍ അനുരാഗിന്‍റെ രക്ത സാമ്പിളുകള്‍ പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 30 വയസ്സുകാരിയായ ഭാര്യയും മൂന്ന് വയസ്സുകാരനായ മകനും പ്രായമായ മാതാപിതാക്കളും എല്ലാം നഷ്ടപ്പെട്ടു നിരാലംബരായിരിക്കുകയാണെന്നും കുടുംബം പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ