ബ്ലഡ് മണി ലഭിച്ച 40 ലക്ഷം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കാന്‍ തീരുമാനിച്ച് വിദ്യാര്‍ത്ഥിനിയുടെ പിതാവ്

By Web TeamFirst Published Jun 25, 2022, 7:52 PM IST
Highlights

ശൈഖ ഹസ്സാം ബിലാല്‍ എന്ന 12 വയസുകാരി ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് വാഹനാപകടത്തില്‍ മരിച്ചത്. സ്‍കൂളില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരികയായിരുന്ന ശൈഖ, ബസില്‍ നിന്ന് ഇറങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം അതേ ബസിനടിയില്‍പെട്ട് മരണപ്പെടുകയായിരുന്നു. 

അജ്‍മാന്‍: ബസ് ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയില്‍ യുഎഇ സ്വദേശിക്ക് നഷ്ടമായത് തന്റെ പിഞ്ചോമനയെ തന്നെയായിരുന്നു. വീടിനടുത്ത് സ്വന്തം സ്‍കൂള്‍ ബസിന്റെ ടയറിനടിയില്‍പെട്ട് ദാരുണമായി മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് തനിക്ക് ലഭിച്ച ബ്ലഡ് മണി മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയാണെന്ന് പ്രഖ്യാപിച്ചു.

ശൈഖ ഹസ്സാം ബിലാല്‍ എന്ന 12 വയസുകാരി ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് വാഹനാപകടത്തില്‍ മരിച്ചത്. സ്‍കൂളില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരികയായിരുന്ന ശൈഖ, ബസില്‍ നിന്ന് ഇറങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം അതേ ബസിനടിയില്‍പെട്ട് മരണപ്പെടുകയായിരുന്നു. ബസ് ഓടിച്ചിരുന്ന പ്രവാസിയായ ഡ്രൈവര്‍, ട്രാഫിക് - സുരക്ഷാ നിയമങ്ങള്‍ പാലിച്ചില്ലെന്ന് പൊലീസും കോടതിയും കണ്ടെത്തി. ഇയാള്‍ക്ക് ആറ് മാസത്തെ ജയില്‍ ശിക്ഷയും കുട്ടിയുടെ പിതാവിന് 2,00,000 ദിര്‍ഹം ബ്ലഡ് മണിയും കോടതി വിധിച്ചു. അടുത്തിടെ അജ്‍മാന്‍ അപ്പീല്‍ കോടതിയും ഈ ശിക്ഷ ശരിവെച്ചു.

Read also: യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു

ബ്ലഡ് മണിയായി കോടതി വിധിച്ച തുക ഏറ്റുവാങ്ങാന്‍ ശൈഖയുടെ പിതാവ് തന്റെ സഹോദരനെയാണ് ചുമതലപ്പെടുത്തിയത്. ആ പണം കൊണ്ട് ഒരു പള്ളി നിര്‍മിക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങളുള്ള ഏതെങ്കിലും രാജ്യത്ത് മകളുടെ ഓര്‍മക്കായി കിണറുകള്‍ നിര്‍മിക്കാനും വേണ്ടി തുക ഒരു സന്നദ്ധ സംഘടനയെ ഏല്‍പിക്കാനാണ് പിതാവ് നിര്‍ദേശിച്ചത്. അജ്‍മാനിലെ ഒരു സംഘടന ഇത് സമ്മതിച്ചിട്ടുണ്ടെന്നും പണം അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും സഹോദരന്‍ പറഞ്ഞു.

ശൈഖയുടെ ഓര്‍മയ്ക്കായി ഏതെങ്കിലും രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാനും അതിനായുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനും പിതാവ് തന്റെ സഹോദരനെ തന്നെ ചുമതലപ്പെടുത്തി. 

click me!