തിരുവനന്തപുരത്തു നിന്ന് ലണ്ടനിലേക്കൊരു സൈക്കിള്‍ ട്രിപ്പ്; ഒമാനും കടന്ന് യുഎഇയില്‍ എത്തിയ ഫായിസ് പറയുന്നത്

By Jojy JamesFirst Published Oct 8, 2022, 2:35 PM IST
Highlights

പാക്കിസ്ഥാനും ചൈനയും ഒഴിവാക്കി മറ്റ് രാജ്യങ്ങളെ കൂടുതലായി ഉൾപ്പെടുത്തിയാണ് യാത്ര. ഏറ്റുമുട്ടലുകളാൽ സംഘര്‍ഷഭരിതമായ പല രാജ്യങ്ങളും ഫായിസ് സൈക്കിളിൽ താണ്ടും. യുക്രെയ്നും സിറിയയുമെല്ലാം ഫായിസിന്റെ യാത്രാപഥത്തിലുണ്ട്.

ദുബൈ: ലണ്ടനിലേക്കെന്ത് ദൂരമുണ്ടെന്ന് ചോദിച്ചാൽ കോഴിക്കോടുകാരൻ ഫായിസ് അഷ്റഫലിയുടെ മറുപടി ഒന്ന് സൈക്കിളിൽ പോയി വരാനുള്ള ദൂരമല്ലേയുള്ളൂ എന്നാകും. കാരണം സൈക്കിളിൽ ഫായിസിന് ദൂരങ്ങളൊരു വിഷയമല്ല. സൈക്കിൾ ചിവിട്ടി ദൂരങ്ങൾ താണ്ടുകയാണ് ഫായിസിന്റെ വിനോദം. ഇപ്പോൾ ലണ്ടനിലേക്കാണ് ഫായിസിന്റെ സൈക്കിൾ സവാരി. തിരുവനന്തപുരത്ത് നിന്നു തുടങ്ങിയ യാത്ര ഒമാൻ കടന്ന് യുഎഇയിലെത്തിയിരിക്കുന്നു. 

എന്തുകൊണ്ട് സൈക്കിളിൽ ലോകം ചുറ്റുന്നുവെന്ന് ചോദിച്ചാൽ ഫായിസിന് കൃത്യമായൊരു മറുപടിയുണ്ട്. അതൊരു ഫ്ളാഷ് ബാക്കാണ്. പിതാവിന്റെ അനാരോഗ്യം നിമിത്തം ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോൾ, വ്യായാമത്തിനായാണ് സൈക്കിൾ വാങ്ങിയത്. പിന്നെ സൈക്കിൾ ജീവിതത്തിന്റെ ഭാഗമായി. ജീവിതം ചുമ്മാ ജീവിച്ച് തീര്‍ക്കാനുള്ളതല്ലെന്ന തിരിച്ചറിവിലാണ് ഫായിസ് സൈക്കിളുമെടുത്ത് ലോകം കാണാനാറിങ്ങയത്. 

2019ൽ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് സൈക്കിൾ ചവിട്ടി ഈ യുവാവ്. 104 ദിവസം കൊണ്ട് ഏഴ് രാജ്യങ്ങൾ പിന്നിട്ടാണ് സിംഗപ്പൂരിലെത്തിയത്. താണ്ടിയത് എണ്ണായിരം കിലോമീറ്റര്‍. ആദ്യയാത്ര നൽകിയ അനുഭവ പാഠങ്ങളിൽ നിന്ന് ഊര്‍ജമുൾക്കൊണ്ടാണ് ഫായിസിന്റെ രണ്ടാം യാത്ര. പാക്കിസ്ഥാനും ചൈനയും ഒഴിവാക്കി മറ്റ് രാജ്യങ്ങളെ കൂടുതലായി ഉൾപ്പെടുത്തിയാണ് യാത്ര. ഏറ്റുമുട്ടലുകളാൽ സംഘര്‍ഷഭരിതമായ പല രാജ്യങ്ങളും ഫായിസ് സൈക്കിളിൽ താണ്ടും. യുക്രെയ്നും സിറിയയുമെല്ലാം ഫായിസിന്റെ യാത്രാപഥത്തിലുണ്ട്.

യുഎഇയിൽ നിന്ന് സൗദി വഴി ഖത്തറിലേക്കാണ് യാത്ര. ലോകകപ്പ് കാലത്ത് ഖത്തറിന്റെ ഫുട്ബോൾ ആവേശം ആസ്വദിക്കാൻ ഫായിസ് അവിടെയുണ്ടാകും. തുടര്‍ന്ന് സൗദി, ഇറാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങൾ കടന്ന് തുര്‍ക്കി വഴി യൂറോപ്പിലേക്ക്. 2024ൽ ലണ്ടനിൽ യാത്ര അവസാനിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് തിരുവനന്തപുരത്ത് നിന്നാണ് ഫായിസിന്റെ യാത്ര തുടങ്ങിയത്. മന്ത്രി വി.ശിവൻകുട്ടിയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ലോകരാജ്യങ്ങൾ സമാധാനത്തിൽ വര്‍ത്തിക്കാൻ ഹൃദയങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക് സ്നേഹം പങ്കിടുക എന്ന മുദ്രാവാക്യവും ഫായിസ് ഉയര്‍ത്തുന്നുണ്ട്.

വിവിധ സ്ഥാപനങ്ങളുടെ സ്‍പോൺസര്‍ഷിപ്പോടെയാണ് ഫായിസിന്റെ യാത്ര. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ ഒപ്പമാണ് താമസം. അത്യാവശ്യ സാധനങ്ങൾ മാത്രമാണ് കയ്യിൽ കരുതുന്നത്. ഏറ്റവും ചെലവ് കുറച്ച് ലണ്ടനിലെത്തുകയാണ് ലക്ഷ്യം. രണ്ട് ഭൂഖണ്ഡങ്ങൾ, മൂപ്പത്തിയഞ്ച് രാജ്യങ്ങൾ, മുപ്പതിനായിരം കിലോമീറ്റര്‍, 450 ദിവസങ്ങൾ. ലണ്ടനിലേക്കുള്ള യാത്രയിൽ ഫായിസ് മറികടക്കേണ്ട ലക്ഷ്യങ്ങൾ വളരെ വലുതാണ്. പക്ഷേ ലക്ഷ്യം നേടാനുള്ള നിശ്ചയദാര്‍ഡ്യം ഫായിസിനെ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പ്.

Read also: 16 മൂര്‍ത്തികള്‍ കുടികൊള്ളുന്ന ദുബൈയിലെ പുതിയ ഹൈന്ദവ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നപ്പോള്‍

click me!