രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡില്‍; സാഹചര്യം പ്രയോജനപ്പെടുത്തി പ്രവാസികള്‍

By Web TeamFirst Published Oct 7, 2022, 11:06 PM IST
Highlights

രൂപക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ ഗൾഫ് കറൻസികൾ എത്തിയതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികള്‍. 

അബുദാബി: ഇന്ത്യന്‍ രൂപ തകര്‍ച്ചയുടെ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് എല്ലാലത്തെയും വലിയ മൂല്യമാണ് ഇപ്പോള്‍ ലഭിക്കുന്നത്.  ഇന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 82.42 എന്ന നിലയിലേക്ക് എത്തിയപ്പോള്‍ പതിവ് പോലെ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍. രൂപക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ ഗൾഫ് കറൻസികൾ എത്തിയതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികള്‍. 

വെള്ളിയാഴ്ച യുഎഇ ദിര്‍ഹത്തിന് 22.49 ആണ് വിനിമയ നിരക്ക്, ഒരു സൗദി റിയാലിന് 22.03 രൂപ. ഖത്തർ റിയാൽ 22.69 രൂപ. ഒരു ബഹ്‌റൈൻ  ദിനാറിന്  219.72. കുവൈത്ത് ദിനാറിന്റെ മൂല്യം 266.40 രൂപയിലെത്തി. ഒമാൻ റിയാൽ മൂല്യം 214.54 രൂപ കടന്നു. ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്കേറി. രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. വായ്‍പകള്‍ അടച്ചുതീര്‍ക്കാനുള്ളവര്‍ക്കും വിവിധ വായ്‍പകളുടെ ഇ.എം.ഐ അടയ്ക്കാനുള്ളവര്‍ക്കുമൊക്കെയാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ഗുണം ചെയ്യുന്നത്.

എണ്ണവില ഇനിയും ശക്തിപ്രാപിച്ചാൽ രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ചരക്ക് വില വർധിച്ച സാഹചര്യത്തിൽ ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം ലോകബാങ്ക് ഒരു ശതമാനം കുറച്ചു.ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി വെട്ടിക്കുറച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഇത് രൂപയുടെ മൂല്യം കുറയാൻ കാരണമാക്കിയിട്ടുണ്ട്. ഡോളറിനെതിരെ വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപ 8 83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കഴഞ്ഞ മാസം 28 ന് രൂപ  81 .93 എന്നതിലേക്ക് എത്തിയിരുന്നു.

രൂപയെ തകർച്ചയിൽ നിന്നും കരകയറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും ഉടനടി ഒരു പ്രതിഫലനം വിപണിയിൽ ഉണ്ടായേക്കില്ല. നിലവിൽ കമ്മിയിലായ ബാങ്കിംഗ് സംവിധാനത്തിലെ അപര്യാപ്തമായ പണലഭ്യതയാണ് ആർബിഐക്ക് കറൻസിയുടെ തകർച്ചയെ രക്ഷിക്കാൻ കഴിയാത്തതിന്റെ ഒരു കാരണം.

click me!