സൗദി-തുർക്കി റെയിൽവേ പദ്ധതി; സാധ്യതാ പഠനം ഈ വർഷാവസാനം പൂർത്തിയാകും, മേഖലയിൽ പുതിയ വാണിജ്യ വിപ്ലവത്തിന് തുടക്കമാകുന്നു

Published : Apr 24, 2026, 04:51 PM IST
saudi-turkey rail

Synopsis

സൗദി അറേബ്യയെ ജോർദാൻ, സിറിയ വഴി തുർക്കിയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പദ്ധതിയുടെ സാധ്യതാ പഠനം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ഒരു നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേ പുനരുജ്ജീവിപ്പിക്കുകയാണ് ഈ ബൃഹദ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.  

റിയാദ്: സൗദി അറേബ്യയെ ജോർഡാൻ, സിറിയ എന്നിവടങ്ങളിലൂടെ തുർക്കിയുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ റെയിൽവേ പദ്ധതിയുടെ സാധ്യതാ പഠനം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽജാസർ അറിയിച്ചു. 'അൽ അറേബ്യ' ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു നൂറ്റാണ്ട് മുമ്പ് നിലവിലുണ്ടായിരുന്ന ഹിജാസ് റെയിൽവേയ്ക്ക് സമാനമായ രീതിയിൽ പുതിയ പാത നിർമിക്കുന്നതിനെക്കുറിച്ചാണ് നിലവിൽ പഠനം നടക്കുന്നത്.

മേഖലയിലെ രാജ്യങ്ങൾക്കിടയിൽ സുസ്ഥിരമായ കരഗതാഗത സംവിധാനം വികസിപ്പിക്കുക, വ്യാപാര ഇടപാടുകൾക്ക് ആക്കം കൂട്ടുക, പ്രാദേശിക സംയോജനം വർധിപ്പിക്കുക എന്നിവയാണ് ഈ ബൃഹദ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ സൗദിയുടെ ദേശീയ റെയിൽ ശൃംഖല അൽ ഹദീത ക്രോസിംഗ് വഴി ജോർഡാൻ അതിർത്തി വരെ വ്യാപിച്ചു കിടക്കുകയാണ്. ഭാവിയിൽ അന്താരാഷ്ട്ര തലത്തിലുള്ള റെയിൽവേ കണക്റ്റിവിറ്റിയുടെ തന്ത്രപരമായ കേന്ദ്രബിന്ദുവായി ഈ പാത മാറുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സൗദി ഗതാഗത മന്ത്രി സാലിഹ് അൽജാസറും ജോർഡാൻ ഗതാഗത മന്ത്രി നിദാൽ ഖത്താമിനും തമ്മിൽ കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. നിലവിലുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ കര, കടൽ, വ്യോമ ഗതാഗത മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക സംയോജനവും വിതരണ ശൃംഖലയും സുഗമമാക്കുന്നതിൽ റെയിൽവേ ലിങ്കിന്റെ പങ്കിനെക്കുറിച്ചും ഇരുമന്ത്രിമാരും സംസാരിച്ചു. ചരിത്രപ്രധാനമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തുർക്കിയും സമാനമായ നീക്കങ്ങൾ നടത്തുന്നുണ്ട്.

തുർക്കിയുടെ റെയിൽവേ ശൃംഖല സിറിയൻ നഗരമായ അലപ്പോയിലേക്ക് നീട്ടാൻ പദ്ധതിയിടുന്നതായി തുർക്കി ഗതാഗത മന്ത്രി അബ്ദുൽ ഖാദിർ ഉറലോഗ്ലു ഏപ്രിൽ മൂന്നിന് വ്യക്തമാക്കിയിരുന്നു. 1900-നും 1908-നും ഇടയിൽ നിർമിക്കപ്പെട്ട ഹിജാസ് റെയിൽവേ, ഡമാസ്കസിനും മദീനയ്ക്കും ഇടയിൽ ഏകദേശം 1,322 കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു. പിന്നീട് 1,900 കിലോമീറ്ററോളം ഇത് വികസിപ്പിക്കപ്പെട്ടു. ഒരു നൂറ്റാണ്ടിലധികം വിസ്മൃതിയിലാണ്ട ഈ പാതയെ ആധുനിക രീതിയിൽ പുനരവതരിപ്പിക്കുന്നത് പശ്ചിമേഷ്യയിലെ ഗതാഗത, വാണിജ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; വടക്കൻ അതിർത്തി കേന്ദ്രങ്ങളിൽ ആക്രമണം, ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട്
കുവൈത്തിന് പുറത്തുള്ളവരുടെ എൻട്രി വിസകളുടെ കാലാവധി നീട്ടില്ല, പുതിയ വിസയ്ക്ക് അപേക്ഷിക്കണം