
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശത്തുള്ളവർക്ക് നൽകിയ എൻട്രി വിസകളുടെ കാലാവധി നീട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ തൊഴിൽ, ഗൃഹതൊഴിൽ, കുടുംബ വിസകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള എൻട്രി വിസകൾക്കും ഈ തീരുമാനം ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാനാകാതെ പുറത്തു കഴിയുന്നവർക്കായി വിസ കാലാവധി നീട്ടാൻ സാധിക്കില്ലെന്നും, വിസ നടപടികൾ പുനരാരംഭിച്ചാൽ തൊഴിലുടമകളോ സ്പോൺസർമാരോ പുതിയ അപേക്ഷകൾ സമർപ്പിക്കണമെന്നും നിർദേശിച്ചു.
അതേസമയം, വിദേശത്ത് കുടുങ്ങിയിരിക്കുന്ന താമസക്കാർക്കായി ആഭ്യന്തര മന്ത്രാലയം സംവിധാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആറുമാസത്തിലധികം കുവൈത്തിന് പുറത്തു കഴിഞ്ഞവർക്കു 2026 ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് മാസത്തെ ഓട്ടോമാറ്റിക് അബ്സൻസ് പെർമിറ്റ് അനുവദിക്കുമെന്ന് അറിയിച്ചു. ബാധിതരായവരുടെ താമസാനുമതി റദ്ദാകുന്നത് തടയുകയും, സാധാരണ യാത്രയും നടപടികളും പുനരാരംഭിക്കുന്നതുവരെ താൽക്കാലിക ആശ്വാസം നൽകുകയുമാണ് ഈ നടപടിയുടെ ലക്ഷ്യം.
പശ്ചിമേഷ്യ സംഘർഷങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വിമാനത്താവളം വീണ്ടും തുറന്നത്. ഏകദേശം രണ്ട് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നത്. വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി സർവീസുകൾ പഴയപടിയാകുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആദ്യഘട്ടത്തിൽ ടെർമിനൽ 4, ടെർമിനൽ 5 എന്നിവ വഴി നിശ്ചിത കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളാണ് ഞായറാഴ്ച മുതൽ ആരംഭിക്കുക. ഇറാൻ നടത്തിയ ആക്രമണങ്ങളിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും വിമാനത്താവളത്തിനുണ്ടായ കേടുപാടുകൾ പരിഹരിച്ചു. സാങ്കേതിക വിഭാഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിമാനത്താവളം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam