
റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്കിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്. സംഭവത്തില്‍ ജിസാനിലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച ആണ്‍കുട്ടികള്‍ക്കായുള്ള ഒരു പബ്ലിക് സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം ഉണ്ടായതെന്ന് ജിസാന്‍ വിദ്യാഭ്യാസ വകുപ്പ് വക്താവ് രാജാ അല്‍ അത്താസ് പറഞ്ഞു. ക്ലാസ്മുറിയില്‍ ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. അടിപിടിക്കിടെ പരിക്കേറ്റ് താഴെ വീണ വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ആവശ്യമായ വൈദ്യപരിശോധനകള്‍ക്ക് ശേഷം അന്നു തന്നെ വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു.
സംഭവത്തില്‍ അന്വേഷണം ആരംഭിക്കാന്‍ അടിയന്തരമായി ഒരു കമ്മറ്റി രൂപീകരിക്കണമെന്ന് ജിസാന്‍ മേഖലയിലെ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More: കൈക്കൂലി, അധികാര ദുർവിനിയോഗം; 97 പേർ കൂടി അറസ്റ്റിലായതായി 'നസ്ഹ'
അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെ സൗദിയില്‍ ഒരു സ്വദേശി അറസ്റ്റിലായിരുന്നു. വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. മൂന്നു വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ച ഇയാളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വാഹനങ്ങള്‍ ഇയാള്‍ കത്തിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് ബാഗു കൊണ്ട് മുഖം മൂടിയ ഒരാള്‍ കാറില്‍ നിന്നിറങ്ങി ഒരു വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് ചുറ്റും കത്തുന്ന എന്തോ വസ്തു ഒഴിക്കുന്നതും തീ കൊളുത്തിയ ശേഷം സ്വന്തം കാറില്‍ രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.
Read More: പബ്‍ജി കളിക്കാന്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് 23 ലക്ഷം മോഷ്ടിച്ചു; 16 വയസുകാരന് ഒരു വര്‍ഷം തടവ്
എന്നാല്‍ കാറുകളിലേക്ക് തീ പടര്‍ന്നില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. വീട്ടുകാരനുമായി ഉണ്ടായ തര്‍ക്കം കാരണമാണ് ഇത്തരത്തില്‍ ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ