
റിയാദ്: ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്ക് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസി വഴി ഫൈനൽ എക്സിറ്റ് നൽകുന്ന നടപടികൾ പുനരാരംഭിച്ചു. ബന്ധപ്പെട്ട സൗദി കാര്യാലയങ്ങളിലെ സിസ്റ്റം അപ്ഡേഷൻ കാരണം താൽക്കാലികമായി നിർത്തിവച്ച പ്രവർത്തനങ്ങളാണ് വീണ്ടും ആരംഭിച്ചത്. രണ്ടുമാസത്തിന് ശേഷമാണ് നടപടി. ജുബൈൽ ജുഐമ ഏരിയ ലേബർ ഓഫിസർ മുത്ലഖ് അൽ ഖഹ്താനി, സഹ ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ ഖുവൈലിദി എന്നിവരെ സന്ദർശിച്ച പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളൻറിയറുമായ സൈഫുദ്ധീൻ പൊറ്റശ്ശേരിയോടാണ് ഈ വിവരം കൈമാറിയത്.
തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട സിസ്റ്റം അപ്ഡേഷൻ നടക്കുന്നതിനാൽ ഇന്ത്യൻ എംബസി വഴി ഇഖാമ കാലാവധി കഴിഞ്ഞവരുടെ ഫൈനൽ ഏക്സിറ്റ് വിസ ഇഷ്യൂ ചെയ്യുന്നതിൽ കഴിഞ്ഞ രണ്ടു മാസമായി നേരിട്ട തടസ്സമാണ് ഇപ്പോൾ മാറിയത്. ഇഖാമ കാലാവധി കഴിഞ്ഞ് നാട്ടിൽ പോകാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് പിഴയോ മറ്റു ശിക്ഷാനടപടികളോ ഒന്നുമില്ലാതെ ഫൈനൽ എക്സിറ്റ് ലഭ്യമാക്കാൻ ഇന്ത്യൻ എംബസിയും സൗദി തൊഴിൽ മന്ത്രാലയവും സഹകരിച്ച് നടപ്പാക്കി വരുന്ന സംവിധാനമാണിത്.
എംബസിയുടെ http://www.eoiriyadh.gov.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്താണ് ഫൈനൽ എക്സിറ്റിനുള്ള അപേക്ഷ നൽകേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയായാൽ മൊബൈൽ ഫോണിൽ എസ്.എം.എസ് വഴി രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇഖാമ ഇഷ്യൂ ചെയ്യപ്പെട്ട ഭൂപരിധിയിലുള്ള ലേബർ ഓഫീസുമായി ബന്ധപ്പെട്ടാണ് എംബസി നടപടികൾ പൂർത്തിയാക്കുക. ലേബർ ഓഫീസിനെയോ ജവാസത്തിനെയോ നേരിട്ട് സമീപിക്കാതെ ഫൈനൽ എക്സിറ്റ് നേടാനുള്ള സൗകര്യമാണ് ഇത്. എക്സിറ്റ് വിസ ഇഷ്യൂ ആയാൽ ആ വിവരം മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് ആയി എത്തുകയും ചെയ്യും.
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam