
അബുദാബി: പുതുവത്സരപ്പിറവി ആഘോഷിക്കുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന സ്വകാര്യ പാര്‍ട്ടികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും കര്‍ശന വിലക്കേര്‍പ്പെടുത്തി അബുദാബി. വീടുകളിലോ പൊതുസ്ഥലങ്ങളിലോ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ലഭിക്കും. കൊവിഡ് വൈറസ് ബാധയുടെ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
ആള്‍ക്കുട്ടങ്ങളോ മീറ്റിങ്ങുകളോ പൊതു-സ്വകാര്യ ആഘോഷങ്ങളോ സംഘടിപ്പിക്കുന്നവര്‍ക്കും അതിലേക്ക് ആളുകളെ ക്ഷണിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കും. പൊതുസ്ഥലങ്ങളിലോ ഫാമുകളിലോ കൂട്ടം ചേരുന്നതും ഇതിന്റെ പരിധിയില്‍ വരും. ഇത്തരം സംഗമങ്ങളില്‍ പങ്കെടുക്കുന്ന ഓരോരുത്തരും 5000 ദിര്‍ഹം വീതം പിഴ ലഭിക്കും. പുതുവത്സരാഘോഷങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ഏകീകൃത സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്‍മദ് സൈഫ് അല്‍ മുഹൈരി പറഞ്ഞു.
കരിമരുന്ന് പ്രയോഗം പോലുള്ളവ ആസ്വദിക്കാനും മറ്റ് പരിപാടികളില്‍ പങ്കെടുക്കാനും പോകുന്നവര്‍ മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിര്‍മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അശ്രദ്ധമായ ഡ്രൈവിങ്, വാഹനങ്ങളില്‍ നിന്ന് അമിത ശബ്ദത്തിലുള്ള സംഗീതം പുറപ്പെടുവിക്കല്‍ തുടങ്ങിയവക്കെതിരെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam