കാറുകള്‍ പൊടിപിടിച്ച് കിടന്നാല്‍ ദുബായില്‍ 10,000 രൂപ പിഴ കിട്ടും

By Web TeamFirst Published Jul 12, 2019, 1:34 PM IST
Highlights

പൊടിയും അഴുക്കും പുരണ്ട് കിടക്കുന്ന വാഹനങ്ങളും തകരാറിലായി ദീര്‍ഘനാളുകള്‍ പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും കണ്ടെത്താന്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ പരിശോധന തുടങ്ങും. 

ദുബായ്: പൊടിപിടിച്ച കാറുകള്‍ വൃത്തിയാക്കാതെ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ പിഴയടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. കാറുകള്‍ കഴുകാതെ ദീര്‍ഘനാള്‍ വഴിയോരങ്ങളില്‍ കിടക്കുന്നത് നഗരത്തിന്റെ ഭംഗിയെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പാലിറ്റി കര്‍ശന നടപടിക്കൊരുങ്ങുന്നത്. വാഹനങ്ങള്‍ വൃത്തിയാക്കാത്തവര്‍ അതിന്റെ പേരില്‍ 500 ദിര്‍ഹം (ഏകദേശം പതിനായിരത്തോളം ഇന്ത്യന്‍ രൂപ) പിഴ നല്‍കേണ്ടിവരും.

പൊടിയും അഴുക്കും പുരണ്ട് കിടക്കുന്ന വാഹനങ്ങളും തകരാറിലായി ദീര്‍ഘനാളുകള്‍ പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും കണ്ടെത്താന്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ പരിശോധന തുടങ്ങും. ഇത്തരം വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യപടിയായി വാഹനത്തില്‍ നോട്ടീസ് പതിക്കും. 15 ദിവസത്തിനകം വാഹനം വൃത്തിയാക്കിയില്ലെങ്കില്‍ അടുത്തഘട്ടത്തില്‍ വാഹനം പിടിച്ചെടുക്കും. ഉടമസ്ഥര്‍ മുനിസിപ്പാലിറ്റി അധികൃതരുമായി ബന്ധപ്പെട്ട് പിഴയടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമപ്രകാരം വാഹനം ലേലം ചെയ്ത് വില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

click me!