യുഎഇയിലെ സ്വദേശിവത്കരണ നിരക്ക് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 400 കോടി ദിര്‍ഹം പിഴ ചുമത്തി

By Web TeamFirst Published Jan 11, 2023, 10:56 PM IST
Highlights

ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വര്‍ദ്ധിപ്പിച്ച് 2026 ഓടെ സ്വദേശിവത്കരണം പത്ത് ശതമാനത്തില്‍ എത്തിക്കണമെന്നാണ് ഫെഡറല്‍ നിയമം അനുശാസിക്കുന്നത്. 

അബുദാബി:  യുഎഇയില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കേണ്ട സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്‍ച വരുത്തിയ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആകെ 400 കോടി ദിര്‍ഹം പിഴ ചുമത്തിയതായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. 50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപങ്ങളും 2022 അവസാനത്തോടെ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നായിരുന്നു അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്.

നിയമിക്കേണ്ടിയിരുന്ന ഓരോ സ്വദേശിക്കും പകരമായി 72,000 ദിര്‍ഹം വീതമാണ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നത്. ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വര്‍ദ്ധിപ്പിച്ച് 2026 ഓടെ സ്വദേശിവത്കരണം പത്ത് ശതമാനത്തില്‍ എത്തിക്കണമെന്നാണ് ഫെഡറല്‍ നിയമം അനുശാസിക്കുന്നത്. രാജ്യത്തെ 9,293 സ്വകാര്യ കമ്പനികള്‍ നിലവിലുള്ള ടാര്‍ഗറ്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതേസമയം സ്വദേശിവത്കരണ കണക്കുകളില്‍ കൃത്രിമം കാണിച്ച 227 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 109 സ്ഥാപനങ്ങളുടെ പദവി കുറച്ച് കാറ്റഗറി മൂന്നിലേക്ക് മാറ്റി. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 20 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്ന വേതന സുരക്ഷാ പദ്ധതിയായ നാഫിസിനെ ദുരുപയോഗം ചെയ്‍ത 130 സംഭവങ്ങളില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചു. ഇവര്‍ക്ക് ഇതുവരെ നല്‍കിയ സാമ്പത്തിക സഹായം തിരികെ ഈടാക്കാനുള്ള നടപടികളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നാഫിസ് പ്രോഗ്രാമിനെ ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഇവര്‍ വ്യാജമായി നിയമിക്കുന്ന ഓരോ സ്വദേശിയുടെയും പേരില്‍  ഇരുപതിനായിരം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഒപ്പം ആനുകൂല്യങ്ങളുടെ വിതരണം നിര്‍ത്തിവെയ്ക്കുകയും ഇതുവരെ നല്‍കിയ പണം തിരികെ ഈടാക്കുകയും ചെയ്യും.

Read also: അധ്യാപക ജോലിയിലും സ്വദേശിവത്കരണം; ഉന്നത തസ്‍തികകളിലുള്ള പ്രവാസികളെ ഒഴിവാക്കും

click me!