Asianet News MalayalamAsianet News Malayalam

അധ്യാപക ജോലിയിലും സ്വദേശിവത്കരണം; ഉന്നത തസ്‍തികകളിലുള്ള പ്രവാസികളെ ഒഴിവാക്കും

മദ്ധ്യ വാര്‍ഷിക അവധിക്ക് ശേഷം രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ 200 പ്രവാസി അധ്യാപകരെ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. 

Kuwait education ministry to relieve expatriates holding supervisory positions in educational institutions
Author
First Published Jan 11, 2023, 9:37 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ അധ്യാപക ജോലികളിലും സ്വദേശിവത്കരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ വകുപ്പ് മേധാവികള്‍ പോലുള്ള ഉന്നത തസ്‍തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച്, പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. 

മദ്ധ്യ വാര്‍ഷിക അവധിക്ക് ശേഷം രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ 200 പ്രവാസി അധ്യാപകരെ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിലവില്‍ ഉന്നത പദവികള്‍ വഹിക്കുന്നവരാണിവര്‍. പകരം സ്വദേശികളായ അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നല്‍കി അവരെ ഈ സ്ഥാനങ്ങളില്‍ നിയമിക്കാനാണ് തീരുമാനം. നിലവില്‍ ഈ സ്ഥാനങ്ങള്‍ വഹിക്കുന്ന പ്രവാസികള്‍ക്ക് അതത് വകുപ്പുകളില്‍ തന്നെ അധ്യാപക തസ്‍തികകളിലേക്ക് മടങ്ങാം. വകുപ്പ് മേധാവി പോലുള്ള സ്ഥാനത്തേക്ക് പ്രവാസികളെ പരിഗണിക്കില്ല. 

നിരവധി വര്‍ഷങ്ങളായി ധാരാളം സ്വദേശികള്‍ സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ച് കാത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ഇത്തരം സ്വദേശികള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അവരുടെ വഴിയില്‍ തടസം സൃഷ്ടിക്കില്ലെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസ പ്രക്രിയയില്‍ അവര്‍ക്ക് നേടിയെടുക്കാനുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി.

Read also:  അമിത ശബ്‍ദമുണ്ടാക്കുന്ന സൈലന്‍സറുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; വര്‍ക്ക് ഷോപ്പുകളും പൂട്ടും

രണ്ടാം ഘട്ടത്തില്‍, നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്നതും എന്നാല്‍ ആവശ്യമായ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമായിട്ടുള്ളതുമായ തസ്‍തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ഓരോ പ്രദേശത്തെയും ആവശ്യങ്ങളും ഓരോ വിദ്യാഭ്യാസ ഘട്ടത്തിലെയും സാഹചര്യങ്ങളും പ്രത്യേകം പരിശോധിച്ച് കുവൈത്തി അധ്യാപകര്‍ക്കും, കുവൈത്തി വനിതകളുടെ മക്കളായ വിദേശികള്‍ക്കും ഈ ജോലികള്‍ ലഭ്യമാകുന്ന തരത്തിലായിരിക്കും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക.

Follow Us:
Download App:
  • android
  • ios