
ദോഹ: ഖത്തറിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. 12 വർഷത്തോളമായി ഖത്തറിലെ പ്രധാന വാർഷിക ചലച്ചിത്ര മേളയായ അജിയാൽ ഫിലിം ഫെസ്റ്റിവൽ, ഈ വർഷം മുതൽ ‘ദോഹ ഫിലിം ഫെസ്റ്റിവൽ(ഡി.എഫ്.എഫ്)’ ആയാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ അന്താരാഷ്ട്ര സിനിമകളെ ഉൾക്കൊള്ളിച്ചാണ് ദോഹ ഫിലിം ഫെസ്റ്റിവൽ എത്തുന്നത്.
62 രാജ്യങ്ങളിൽ നിന്നുള്ള 97 സിനിമകളുമായി പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവൽ നവംബർ 28 വരെ നീണ്ടുനിൽക്കും. നാല് പ്രധാന മത്സര വിഭാഗങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ആകെ മൂന്ന് ലക്ഷം യു.എസ് ഡോളറിലധികം സമ്മാനത്തുകയാണ് (10.90 ലക്ഷം റിയാൽ) വിജയികൾക്ക് ലഭിക്കുക.
മികച്ച ഫീച്ചർ സിനിമക്ക് 75,000 ഡോളർ, മികച്ച ഡോക്യുമെന്ററി (50,000 ഡോളർ), ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് (45,000 ഡോളർ), അഭിനയ മികവ് (15,000) എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി പുരസ്കാരം സമ്മാനിക്കും. കൗതർ ബെൻ ഹാനിയയുടെ 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിക്കുക. അർജന്റീന, ചിലി കൾചറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി ധാരാളം സിനിമകളും കലാപരിപാടികളും ദോഹ ഫിലിം ഫെസ്റ്റിവലിൽ ഒരുക്കുന്നുണ്ട്.
ഖത്തറിലെ പ്രശസ്ത സംഗീതസംവിധായകനും ഗാനരചയിതാവുമായ ദാന അൽ ഫർദാനാണ് കതാറ സ്റ്റുഡിയോസും ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി സഹകരിച്ച് ഫെസ്റ്റിവലിന്റെ തീം സോങ് രചിച്ചിരിക്കുന്നത്. പ്രശസ്ത അർജന്റൈൻ സംഗീതജ്ഞൻ ഗുസ്താവ സാന്റലോലയുടെ സംഗീത പരിപാടിയാണ് ഫെസ്റ്റിവലിന്റെ മറ്റൊരു പ്രധാന ആകർഷണം. കതാറ കൾചറൽ വില്ലേജ്, മിശൈരിബ് ഡൗൺ ടൗൺ ദോഹ, ലുസൈൽ ബൊളെവാഡ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നിവയുൾപ്പെടെ നിരവധി വേദികളിലായാണ് ചലച്ചിത്രമേള നടക്കുന്നത്. മേളയോടനുബന്ധിച്ച് ദോഹയിലുടനീളം വൈവിധ്യമാർന്ന സർഗാത്മക കമ്യൂണിറ്റി പരിപാടികളും പ്രത്യേക സ്ക്രീനിങ്ങുകളും സംഗീത പരിപാടികളും ഉണ്ടാകും. ഫിലിം ഫെസ്റ്റിവെലിന്റെ കൂടുതൽ വിവരങ്ങൾക്കായി www.dohafilm.com സന്ദർശിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ