
ഷാര്‍ജ: മണി എക്സ്ചേഞ്ച് സ്ഥാപനമായ ഷാര്‍ജ അല്‍ അന്‍സാരി എക്സ്ചേഞ്ചില്‍ കവര്‍ച്ച നടത്തിയ അഞ്ച് നൈജീരിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സ്ഥാപനത്തിലെ പ്രവൃത്തി സമയത്ത് അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും 23 ലക്ഷം ദിര്‍ഹത്തിന് തുല്യമായ വിവിധ കറന്‍സികള്‍ (ഏകദേശം നാല് കോടിയിലധികം ഇന്ത്യന്‍ രൂപ) കവരുകയും ചെയ്തു. മുഴുവന്‍ പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
അല്‍ താവുനിലെ അല്‍ അന്‍സാരി എക്സ്‍ചേഞ്ച് ശാഖയില്‍ ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്ത് കടന്ന ഇവരെ പ്രതിരോധിക്കുന്നതിനിടെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. കവര്‍ച്ച നടക്കുമ്പോള്‍ തന്നെ ഒരു ജീവനക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഏഴ് മിനിറ്റിനുള്ളില്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും പ്രതികള്‍ പണവുമായി വാഹനത്തില്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്ന് അബുദാബി, റാസല്‍ഖൈമ, അജ്മാന്‍ എമിറ്റുകളിലെ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം ഇവര്‍ സ്ഥാപനത്തില്‍ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു മോഷണത്തിന് പദ്ധതിയിട്ടത്. അര്‍ദ്ധരാത്രി സ്ഥാപനം അടയ്ക്കുന്നതിന് തൊട്ട് മുന്‍പുള്ള സമയം ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. നാല് പേര്‍ അകത്ത് കയറി പണം കവര്‍ന്നപ്പോള്‍ ഒരാള്‍ വാഹനവുമായി പുറത്ത് കാത്തുനിന്നു. പൊലീസ് സംഘം എത്തുന്നതിന് മുന്‍പ് ഇവര്‍ രക്ഷപെടുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ച പൊലീസ് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കി. പ്രതികള്‍ രക്ഷപെടാതിരിക്കാന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും അറസ്റ്റ് വാറണ്ട് കൈമാറി. കവര്‍ച്ചാ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ മനസിലാക്കി ഇത് പിന്തുടര്‍ന്നാണ് ഒരു പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി രണ്ട് പേരെ അജ്മാനില്‍ നിന്നും, അബുദാബിയില്‍ നിന്നും റാസല്‍ഖൈമയില്‍ നിന്നും ഓരോരുത്തരെ വീതവും പിടികൂടുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam