Gulf News : സൗദി അറേബ്യയില്‍ റസ്റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; അഞ്ച് പേര്‍ക്ക് പരിക്ക്

By Web TeamFirst Published Dec 19, 2021, 2:25 PM IST
Highlights

സൗദി അറേബ്യയിലെ അല്‍കോബാറില്‍ റസ്റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് സ്‍ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

റിയാദ്: സൗദി അറേബ്യയില്‍ റസ്റ്റോറന്റിന്റെ (Restaurant) മേല്‍ക്കൂര ഉപഭോക്താക്കളുടെ മുകളിലേക്ക് തകര്‍ന്നുവീണു. അല്‍കോബാറിലായിരുന്നു (Al Khobar, Saudi Arabia) സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റസ്റ്റോറന്റില്‍ ഉപഭോക്താക്കളുണ്ടായിരുന്ന സമയത്ത് മുന്‍വശത്തെ മേല്‍ക്കൂര തകര്‍ന്ന് അവര്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ സ്‍ത്രീകളാണ്. ഒരു കുട്ടിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

അപകടത്തില്‍ പരിക്കേറ്റവരെല്ലാം സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കിങ് ഫഹദ് യൂണിവേഴ്‍സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‍തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് എല്ലാവിധ പരിചരണവും ഉറപ്പാക്കണമെന്ന് കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദേശം നല്‍കി. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കിഴക്കന്‍ പ്രവിശ്യാ സിവില്‍ ഡിഫന്‍സ് മേധാവിക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നഗരസഭയുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

click me!