യുഎഇയിലെ സമ്പന്നരുടെ പട്ടികയില്‍ അഞ്ച് ഇന്ത്യക്കാര്‍; മൂന്ന് പേരും മലയാളികള്‍

By Web TeamFirst Published Mar 28, 2019, 3:16 PM IST
Highlights

മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തന്നെയാണ് ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത്. 470 കോടി ഡോളറിന്റെ (32,420 കോടിയിലധികം ഇന്ത്യന്‍ രൂപ) ആസ്തിയുള്ള അദ്ദേഹം പട്ടികയില്‍ 394-ാം സ്ഥാനത്താണുള്ളത്.  

അബുദാബി: യുഎഇയിലെ ധനികരുടെ പട്ടികയില്‍ ഇടംപിടിച്ച് അഞ്ച് ഇന്ത്യക്കാര്‍. ഫോബ്സ് മാസിക പുറത്തുവിട്ട 2019ലെ ഏറ്റവും പുതിയ പട്ടികയിലാണ് ഏഴ് സ്വദേശികള്‍ക്കൊപ്പം അഞ്ച് ഇന്ത്യക്കാരും ഇടം നേടിയത്. ഇതില്‍ തന്നെ മൂന്ന് പേര്‍ മലയാളികളുമാണ്.

മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തന്നെയാണ് ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത്. 470 കോടി ഡോളറിന്റെ (32,420 കോടിയിലധികം ഇന്ത്യന്‍ രൂപ) ആസ്തിയുള്ള അദ്ദേഹം പട്ടികയില്‍ 394-ാം സ്ഥാനത്താണുള്ളത്.  ലണ്ടനില്‍ നിന്ന് യുഎഇയിലെത്തിയ മിക്കി ജഗ്തിയാനിയാണ് രണ്ടാം സ്ഥാനത്ത്. ലാന്റ്മാര്‍ക്ക് റീട്ടെയില്‍ സ്റ്റോറുകളുടെ ഉടമയായ അദ്ദേഹം പട്ടികയില്‍ 478-ാം സ്ഥാനത്താണ്. ആകെ 400 കോടി ഡോളറാണ് (27,592 കോടി ഇന്ത്യന്‍ രൂപ) അദ്ദേഹത്തിന്റെ ആസ്തി.

എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബി.ആര്‍ ഷെട്ടിയാണ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍. 280 കോടി ഡോളറാണ് (19,314 കോടി രൂപ) ഷെട്ടിയുടെ ആസ്തി. ഫോബ്സിന്റെ ലോക റാങ്കിങില്‍ 804-ാം സ്ഥാനത്താണ് അദ്ദേഹമുള്ളത്. കര്‍ണാടക സ്വദേശിയായ അദ്ദേഹം ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ രണ്ട് നിലകള്‍ പൂര്‍ണ്ണമായി സ്വന്തമാക്കിയും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 

വിദ്യാഭ്യാസ പ്രവര്‍ത്തകനും എജ്യുക്കേഷന്‍ മാനേജ്മെന്റ് കമ്പനിയായ ജിഇഎംസിന്റെ ചെയര്‍മാനുമായ സണ്ണി വര്‍ക്കിയാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. 240 കോടി ഡോളര്‍ (16,555 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. ഫോബ്സ് പട്ടികയില്‍ 962 ആണ് അദ്ദേഹത്തിന്റെ സ്ഥാനം. പ്രോപ്പര്‍ട്ടി ഡെവലപ്പറായ മലയാളി പി എന്‍ സി  മേനോനാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു പ്രവാസി. 110 കോടി ഡോളര്‍ (7587 കോടി ഇന്ത്യന്‍ രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. പട്ടികയില്‍ അദ്ദേഹം 1941-ാമതാണ് പി എന്‍ സി മേനോന്‍.
 

click me!