കുവൈത്തില്‍ വിമാനടിക്കറ്റുകളില്‍ അധിക ചാര്‍ജ്ജ് ഈടാക്കണമെന്ന നിര്‍ദേശം മരവിപ്പിച്ചു

By Web TeamFirst Published Mar 20, 2019, 12:34 AM IST
Highlights

ഏപ്രിൽ ഒന്നിന് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരിൽ നിന്ന് സർവ്വീസ് ചാർജ് ഈടാക്കണമെന്ന് വിമാന കമ്പനികൾക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ നിർദ്ദേശമുണ്ടായിരുന്നു.

കുവൈത്ത്: കുവൈത്തില്‍ അടുത്തമാസം ഒന്ന് മുതല്‍ വിമാനടിക്കറ്റുകളില്‍ അധിക ചാര്‍ജ്ജ് ഈടാക്കണമെന്ന നിര്‍ദേശം മരവിപ്പിക്കാന്‍ ഉത്തരവ്. വാണിജ്യ മന്ത്രി ഖാലിദ് അല്‍ റൗദാനാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ നിര്‍ദേശം മരവിപ്പിക്കാന്‍ ഉത്തരവിട്ടത്. ടിക്കറ്റിനൊപ്പം എട്ട് കുവൈത്ത് ദിനാർ കൂടി വാങ്ങണമെന്നായിരുന്നു നിർദ്ദേശം.

ഏപ്രിൽ ഒന്നിന് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരിൽ നിന്ന് സർവ്വീസ് ചാർജ് ഈടാക്കണമെന്ന് വിമാന കമ്പനികൾക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ നിർദ്ദേശമുണ്ടായിരുന്നു. എയർ പോർട്ട് പാസഞ്ചർ സർവ്വീസ് ചാർജ് എന്ന പേരിൽ ടിക്കറ്റ് നിരക്കിന് പുറമെ എട്ട് കുവൈത്ത് ദിനാർ അധികം ഈടാക്കാനായിരുന്നു തീരുമാനം.

65 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും രണ്ട് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നാടു കടത്തുന്നവര്‍ക്കും ഈ അധിക ചാര്‍ജ്ജ് ഒഴിവാക്കിയിരുന്നു്. ഈ നിര്‍ദേശമാണ് വാണിജ്യമന്ത്രി മരവിപ്പിച്ചിരിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത്.

അതെസമയം ഡിജിസിഎ തീരുമാനം മരവിപ്പിച്ചതു വഴി ഖജനാവിന് വലിയ നഷ്ടമുണ്ടായെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഡിജിസിഎ നിര്‍ദേശം നടപ്പിലാക്കിയാല്‍ 60 മില്യന്‍ ദിനാറിന്റെ അധികവരുമാനം ഖജനാവിലുണ്ടാവുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. വാണിജ്യമന്ത്രിയുടെ ഉത്തരവ് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് വിമര്‍ശനം. ടിക്കറ്റ് ചാർജിന് പുറമെ 8 ദിനാർ കൂടി അടക്കേണ്ടി വരുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ പ്രഹരമാകുമായിരുന്നു. 
 

click me!