
ദുബൈ: ഇറാനിലുണ്ടായ യുഎസ് ആക്രമണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചിട്ടതിനാൽ ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നത് തുടരുമെന്ന് യുഎഇ വിമാനക്കമ്പനികൾ അറിയിച്ചു. അമേരിക്കയുടെ ഇടപെടൽ പ്രാദേശിക സംഘർഷങ്ങൾ വർധിപ്പിക്കുമെന്നും സിറിയ, ഇറാഖ്, ഇറാൻ, ഇസ്രായേൽ, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതൽ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകിരുന്നു. നിലവിലെ സംഘർഷാവസ്ഥ കുറയ്ക്കാനും സംയമനം പാലിക്കാനും യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളും നിരന്തരമായി ആവശ്യപ്പെടുന്നുമുണ്ട്.
സൈനിക സംഘർഷം തുടരുന്നതിനാൽ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേസ് ജൂലൈ 15 വരെ തെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു. റദ്ദാക്കിയ സ്ഥലങ്ങളിലേക്ക് അബുദാബി വഴി യാത്ര ചെയ്യുന്ന യാത്രക്കാരെ യാത്ര ആരംഭിക്കേണ്ട വിമാനത്താവളങ്ങളിൽ നിന്ന് സ്വീകരിക്കില്ലെന്നും ബാധിക്കപ്പെട്ട യാത്രക്കാർക്ക് ഇതര യാത്രാ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇത്തിഹാദ് എയർവേസ് അധികൃതർ അറിയിച്ചു.
ഇറാൻ, ഇറാഖ്, സിറിയ, ഇസ്രായേൽ, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 30 വരെ താൽക്കാലികമായി നിർത്തിവച്ചതായി ഫ്ലൈദുബൈ വിമാനക്കമ്പനിയും പ്രഖ്യാപിച്ചു. കൂടാതെ ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്നും ഫ്ലൈദുബൈ അധികൃതർ കൂട്ടിച്ചേർത്തു. ഇറാൻ (തെഹ്‌റാൻ), ഇറാഖ് (ബാഗ്ദാദ്, ബസ്ര) എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും ജൂൺ 30 വരെ താൽക്കാലികമായി നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈനും അറിയിച്ചിട്ടുണ്ട്.
ഷാർജ ആസ്ഥാനമായുള്ള ബജറ്റ് വിമാനമായ എയർ അറേബ്യയും ഈ മാസാവസാനം വരെ ഇറാൻ, ഇറാഖ്, റഷ്യ, അർമേനിയ, ജോർജിയ, അസർബൈജാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. കൂടാതെ, പ്രാദേശിക സംഘർഷങ്ങളും വ്യോമാതിർത്തി നിയന്ത്രണങ്ങളും കാരണം ജോർദാനിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 25 വരെയും നിർത്തിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ