സൗദിയില്‍ സഹപ്രവര്‍ത്തകയെ ചുംബിക്കാന്‍ ശ്രമിച്ച വിദേശിക്ക് ശിക്ഷ കുറഞ്ഞുപോയെന്ന് അപ്പീല്‍ കോടതി

By Web TeamFirst Published Mar 6, 2020, 7:05 PM IST
Highlights

സഹപ്രവര്‍ത്തകയുടെ കൈയില്‍ പിടിച്ചുവലിച്ചെന്ന ആരോപണം പ്രതിയ്ക്കെതിരെ വിചാരണ കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ചുംബനം ആവശ്യപ്പെട്ടത് തമാശയ്ക്കായിരുന്നെന്ന് ഇയാള്‍ വിചാരണയ്ക്കിടെ കോടതിയില്‍ വാദിച്ചു. 

ജിദ്ദ: സൗദി അറേബ്യയില്‍ സഹപ്രവര്‍ത്തകയെ ജോലി സ്ഥലത്തുവെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് അപ്പീല്‍ കോടതിയുടെ വിധി. ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയുടെ കൈയില്‍ പിടിച്ചുവലിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന അറബ് വംശജന് 4000 റിയാല്‍ പിഴയാണ് ജിദ്ദ ക്രിമിനല്‍ കോടതി വിധിച്ചത്. എന്നാല്‍ ഈ ഉത്തരവ് മക്ക പ്രവിശ്യാ അപ്പീല്‍ കോടതി റദ്ദാക്കുകയായിരുന്നു.

പ്രതിക്ക് പിഴയ്ക്ക് പുറമെ ജയില്‍ ശിക്ഷ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസ് വീണ്ടും ജിദ്ദ ക്രിമിനല്‍ കോടതിയിലേക്കുതന്നെ മടക്കുകയായിരുന്നു. പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം. സ്ത്രീകള്‍ക്കെതിരെ ഇത്തരം ഉപദ്രവങ്ങള്‍ക്ക് മുതിരുന്നവര്‍ക്കുകൂടി പാഠമാകുന്ന തരത്തില്‍ ശിക്ഷ നല്‍കണം. ഇപ്പോള്‍ വിധിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. ഇത്തരം ചെറിയ ശിക്ഷകള്‍ വിധിച്ചാല്‍ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ ഇടയാകുമെന്നും അപ്പീല്‍ കോടതി നിരീക്ഷിച്ചു.

സഹപ്രവര്‍ത്തകയുടെ കൈയില്‍ പിടിച്ചുവലിച്ചെന്ന ആരോപണം പ്രതിയ്ക്കെതിരെ വിചാരണ കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ചുംബനം ആവശ്യപ്പെട്ടത് തമാശയ്ക്കായിരുന്നെന്ന് ഇയാള്‍ വിചാരണയ്ക്കിടെ കോടതിയില്‍ വാദിച്ചു. അതേസമയം പ്രതി ഖുര്‍ആന്‍ മനഃപാഠമാക്കിയ വ്യക്തിയാണെന്നതും ഈ കുറ്റത്തിന്റെ പേരില്‍ ജയിലില്‍ പോയാല്‍ കുറ്റവാളികളുമായി സഹവസിച്ച് പ്രതിയുടെ സ്വഭാവത്തെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന കാര്യവും പരിഗണിച്ചായിരുന്നു ജിദ്ദ ക്രിമിനല്‍ കോടതി പിഴ ശിക്ഷ വിധിച്ചത്.

എന്നാല്‍ നീചമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇത്തരം പരിഗണനകളൊന്നും നല്‍കേണ്ടതില്ലെന്ന് അപ്പീല്‍ കോടതി അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ കൂടി താത്പര്യങ്ങള്‍ കൂടി പരിഗണിച്ച് കടുത്ത ശിക്ഷ വിധിക്കണം. വ്യക്തിയുടെ താത്പര്യങ്ങളേക്കാള്‍ പൊതുതാത്പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അപ്പീല്‍ കോടതി പറഞ്ഞു. 

click me!