ദുബൈ: വ്യാജ വിസയുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ യുവതി അറസ്റ്റിലായി. മൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്കൊപ്പം ഒരു യൂറോപ്യന്‍ രാജ്യത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ ദുബൈയില്‍ എത്തിയത്. എന്നാല്‍ ഇവരുടെ പാസ്‍പോര്‍ട്ടില്‍ പതിച്ചിരിക്കുന്ന വിസ വ്യാജമാണെന്ന് ദുബൈയില്‍ വെച്ച് കണ്ടെത്തി.
വിമാനം പുറപ്പെടാനുള്ള സമയത്തിന് തൊട്ട് മുമ്പാണ് യുവതി തന്റെ പാസ്‍പോര്‍ട്ട് പരിശോധനയ്ക്കായി സമര്‍പ്പിച്ചത്. എന്നാല്‍ വിസ കൃത്രിമമാണോ എന്ന കാര്യത്തില്‍ ഉദ്യോഗസ്ഥന് ചെറിയൊരു സംശയം തോന്നി. പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ സംശയം സത്യമാണെന്ന് ബോധ്യപ്പെട്ടു. ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നും നാട്ടില്‍ വെച്ച് തന്റെ ഭര്‍ത്താവാണ് വിസയ്ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തതെന്നും ദുബൈ വഴി യൂറോപ്പിലേക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് തന്നോട് പറഞ്ഞതെന്നും യുവതി പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
വിമാനക്കമ്പനി ജീവനക്കാരന് വിസ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിലെ ഡോക്യുമെന്റ് എക്സാമിനേഷന്‍ വിഭാഗത്തിന് അവ പരിശോധനയ്ക്കായി കൈമാറുകയായിരുന്നുവെന്ന് കേസ് രേഖകള്‍ പറയുന്നു. അവരുടെ പരിശോധനയിലാണ് കൃത്രിമമായി ഉണ്ടാക്കിയ വിസയാണെന്ന് തെളിഞ്ഞത്. വ്യാജ വിസയെക്കുറിച്ച് യുവതിക്ക് അറിവില്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഭര്‍ത്താവാണ് വിസയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്‍തത്.
വിസ എങ്ങനെയാണ് ലഭിക്കുന്നതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് യുവതിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ലെന്ന് കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് വിചാരണയ്ക്കൊടുവില്‍ മൂന്ന് മാസം ജയില്‍ ശിക്ഷയാണ് യുവതിക്ക് കോടതി വിധിച്ചത്. എന്നാല്‍ ഇത്തരമൊരു കുറ്റകൃത്യം യുവതി ഇനി ചെയ്യാന്‍ തീരെ സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചിച്ചു. സാഹചര്യം പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നതില്‍ ഇളവ് അനുവദിച്ച കോടതി, ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്താന്‍ ഉത്തരവിട്ട് കേസ് തീര്‍പ്പാക്കുകയായിരുന്നു. വ്യാജ രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്‍തു.
Read also: നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam