മടങ്ങിയെത്തിയ പ്രവാസികളില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച നാല് പേര്‍ ഒരു വിമാനത്തില്‍ വന്നവര്‍

By Web TeamFirst Published May 10, 2020, 7:52 PM IST
Highlights

ഏഴാം തീയ്യതി അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിലെത്തിയ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ ഒരാള്‍ക്കും ഇന്ന് മൂന്ന് പേര്‍ക്കും രോഗം കണ്ടെത്തുകയായിരുന്നു. 

കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച മടങ്ങിയെത്തിയ പ്രവാസികളില്‍ അഞ്ച് പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരികരിച്ചത്. ഇവരില്‍ നാല് പേരും ഒരേ വിമാനത്തിലെത്തിയവരുമാണ്. ഇതോടെ ആദ്യ ദിനമെത്തിയ രണ്ട് വിമാനങ്ങളിലെയും മറ്റ് യാത്രക്കാരുടെ കാര്യവും ആശങ്കയിലാണ്. റാപ്പിഡ് ടെസ്റ്റില്‍ അസുഖമില്ലെന്ന് കണ്ടെത്തിയവരെയാണ് സംസ്ഥാനത്ത് എത്തിയ ശേഷം പി.സി.ആര്‍ പരിശോധന നടത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.

ഏഴാം തീയ്യതി അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിലെത്തിയ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ ഒരാള്‍ക്കും ഇന്ന് മൂന്ന് പേര്‍ക്കും രോഗം കണ്ടെത്തുകയായിരുന്നു. ആദ്യ ദിനം തന്നെ ദുബായില്‍ നിന്ന് കോഴിക്കോട് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മലപ്പുറം, അങ്ങാടിപ്പുറം സ്വദേശിയായ 34കാരനും ചാവക്കാട് സ്വദേശികളായ ദമ്പതികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

ഇന്ന് രോഗം സ്ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചാവക്കാട് സ്വദേശികളായ ദമ്പതികള്‍ നേരത്തെ ഗുരുവായൂരില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  ആദ്യ ദിനമെത്തിയ രണ്ട് പേര്‍ക്ക് ഇന്നലെയും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അബുദാബി - കൊച്ചി വിമാനത്തിലെത്തിയ എടപ്പാൾ നടുവട്ടം സ്വദേശിയായ 24കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരിലൊരാള്‍. വിമാനത്താവളത്തില്‍ വെച്ചുതന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ അന്നുതന്നെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. 

ദുബായ്-കോഴിക്കോട് വിമാനത്തില്‍ വന്ന കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്. അവിടെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.

click me!