യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്ന സാഹചര്യങ്ങള്‍ ഇവയാണ്

By Web TeamFirst Published Oct 6, 2022, 8:48 PM IST
Highlights

യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുമെങ്കിലും അത് നാല് സാഹചര്യങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

അബുദാബി: 73 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ നല്‍കുന്നുണ്ട്. 14 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസകളാണ് വിവിധ കാറ്റഗറികളില്‍ യുഎഇ അനുവദിക്കുന്നത്. 73 രാജ്യങ്ങള്‍ക്ക് പുറമെ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ല.

യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുമെങ്കിലും അത് നാല് സാഹചര്യങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

1. അമേരിക്കയിലേക്കുള്ള സന്ദര്‍ശക വിസ ഉള്ളവര്‍ക്ക്
2. അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്ക്
3. യു.കെയില്‍ താമസ വിസയുള്ളവര്‍ക്ക്
4. യൂറോപ്യന്‍ യൂണിയന്റെ താമസ വിസയുള്ളവര്‍ക്ക്

മേല്‍പറ‌ഞ്ഞ നാല് സാഹചര്യങ്ങളില്‍ 14 ദിവസം രാജ്യത്ത് തങ്ങാനുള്ള ഓണ്‍ അറൈവല്‍ വിസയാണ് ഇന്ത്യക്കാര്‍ക്ക് യുഎഇ അനുവദിക്കുക. ആവശ്യമെങ്കില്‍ ഈ വിസ പിന്നീട് 14 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും. ഇങ്ങനെ യുഎഇയിലേക്ക് വരുന്നവരുടെ യു.കെ, യു.എസ്, യൂറോപ്യന്‍ യൂണിയന്‍ വിസകള്‍ക്കോ ഗ്രീന്‍ കാര്‍ഡിനോ കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. അതോടൊപ്പം ഇവരുടെ പാസ്‍പോര്‍ട്ടിനും ആറ് മാസം കാലാവധി വേണം. യുഎഇയില്‍ പ്രവേശിക്കുന്ന തീയ്യതി മുതലായിരിക്കും ഈ കാലാവധി കണക്കാക്കുക.

വിമാനക്കമ്പനിയായ  എമിറേറ്റ്സ്, തങ്ങളുടെ വെബ്‍സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന വിവരമനുസരിച്ച് ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തേക്ക് യുഎഇയില്‍ ലഭിക്കുന്ന ഓണ്‍ അറൈവല്‍ വിസയ്ക്ക് 120 ദിര്‍ഹമാണ് നല്‍കേണ്ടത്. പിന്നീട് 14 ദിവസത്തേക്ക് കൂടി വിസാ കാലാവധി ദീര്‍ഘിപ്പിക്കണമെങ്കില്‍ 250 ദിര്‍ഹം കൂടി നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു.

Read also: യുഎഇയില്‍ 180 ദിവസം വരെ താമസിക്കാന്‍ ഓണ്‍ അറൈവല്‍ വിസ; യോഗ്യതയുള്ളത് ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്

click me!