ജോലി കഴിഞ്ഞെത്തുന്ന അച്ഛനെ സ്വീകരിക്കാന്‍ ജനലില്‍ കയറിനിന്ന നാല് വയസുകാരി താഴെ വീണ് മരിച്ചു

By Web TeamFirst Published Oct 7, 2021, 11:50 AM IST
Highlights

ജോലി കഴിഞ്ഞ് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ രണ്ടാം നിലയിലെ ജനലിലൂടെ കുട്ടി സ്ഥിരമായി കൈവീശി കാണിക്കാറുണ്ടായിരുന്നു. വീട്ടിലെ മുതിര്‍ന്നവര്‍ ആരെങ്കിലും കുട്ടിയെ എടുത്ത് ജനലില്‍ നിര്‍ത്തിയ ശേഷം ഒപ്പം നില്‍ക്കുകയായിരുന്നു പതിവ്.

റാസല്‍ഖൈമ: വീടിന്റെ രണ്ടാം നിലയിലെ ജനലില്‍ നിന്ന് താഴേക്ക് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാലിക മരിച്ചു IFour year old girl died). യുഎഇയിലെ (UAE) റാസല്‍ഖൈമയിലായിരുന്നു സംഭവം. ഏതാനും ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.

യുഎഇ സ്വദേശിയുടെ മകളായ ഗായയെ (4) സെപ്‍റ്റംബര്‍ 29നാണ് ജനലില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന റാസല്‍ഖൈമയിലെ വില്ലയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ഒരു ബന്ധു അറിയിച്ചു.

ജോലി കഴിഞ്ഞ് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ രണ്ടാം നിലയിലെ ജനലിലൂടെ കുട്ടി സ്ഥിരമായി കൈവീശി കാണിക്കാറുണ്ടായിരുന്നു. വീട്ടിലെ മുതിര്‍ന്നവര്‍ ആരെങ്കിലും കുട്ടിയെ എടുത്ത് ജനലില്‍ നിര്‍ത്തിയ ശേഷം ഒപ്പം നില്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ സംഭവ ദിവസം കുട്ടി ഉറങ്ങുകയായിരുന്നതിനാല്‍ മുതിര്‍ന്നവരാരും അടുത്തുണ്ടായിരുന്നില്ല. ഇടയ്‍ക്ക് ഉറക്കമുണര്‍ന്ന കുട്ടി മുതിര്‍ന്നവര്‍ ആരും അറിയാതെ തനിയെ ജനലില്‍ കയറി അച്ഛനെ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് താഴേക്ക് വീണത്.

അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ചൊവ്വാഴ്‍ച മരണപ്പെടുകയായിരുന്നു. വീഴ്‍ചയുടെ ആഘാതത്തില്‍ മസ്‍തിഷ്‍കത്തില്‍ രക്തസ്രാവമുണ്ടായി. തലയോട്ടിക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പൊട്ടലുമുണ്ടായിരുന്നു.

click me!