ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലും നാളെ പാര്‍ക്കിങ് സൗജന്യം

By Web TeamFirst Published Oct 7, 2022, 8:11 PM IST
Highlights

അബുദാബിയില്‍ ശനിയാഴ്ച ടോളും പാര്‍ക്കിങ് ഫീസും ഒഴിവാക്കിയിട്ടുണ്ടെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഷാര്‍ജയിലും മിക്ക പാര്‍ക്കിങ് ഏരിയകളിലും ശനിയാഴ്ച സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബൈ: നബിദിനം പ്രമാണിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ എട്ടിന് ദുബൈയിലെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മള്‍ട്ടി ലെവല്‍ ടെര്‍മിനലുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അബുദാബിയില്‍ ശനിയാഴ്ച ടോളും പാര്‍ക്കിങ് ഫീസും ഒഴിവാക്കിയിട്ടുണ്ടെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഷാര്‍ജയിലും മിക്ക പാര്‍ക്കിങ് ഏരിയകളിലും ശനിയാഴ്ച സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിലും അബുദാബിയിലും ഞായറാഴ്ചയും പാര്‍ക്കിങ് സൗജന്യമായതിനാല്‍ രണ്ട് ദിവസം പാര്‍ക്കിങ് ഫീസ് സൗജന്യം ലഭിക്കും.  അവധി ദിവസങ്ങളിലും പണം ഈടാക്കുന്ന ഷാര്‍ജയിലെ ചില സോണുകളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ സൗജന്യം ലഭിക്കില്ല. അബുദാബിയില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 7.59 വരെ പാര്‍ക്കിങ് സൗജന്യമായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ അബുദാബിയില്‍ ടോള്‍ ഗേറ്റുകളിലും പണം ഈടാക്കില്ല. തിങ്കളാഴ്ച മുതല്‍ പണം ഈടാക്കിത്തുടങ്ങും.

Read also:  ഇങ്ങനെയൊന്നും ഓവര്‍ടേക്ക് ചെയ്യരുത്; അപകട വീഡിയോ പുറത്തുവിട്ട് അബുദാബി പൊലീസ്

നബി ദിനം പ്രമാണിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒക്ടോബര്‍  എട്ടിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അവധിക്ക് ശേഷം ഒക്ടോബര്‍ പത്ത് തിങ്കളാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നേരത്തെ തന്നെ ഒക്ടോബര്‍ എട്ടിന് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റിയതിനാല്‍, നിലവില്‍ ഞായറാഴ്ച ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഒക്ടോബര്‍ എട്ടാം തീയ്യതിയിലെ അവധിയുടെ പ്രയോജനമുണ്ടാകൂ.

click me!