ഫുട്‍ബോള്‍ ആരാധകര്‍ക്കുള്ള ആ നിര്‍ദേശങ്ങള്‍ 'വ്യാജമാണ്'; വിശദീകരണവുമായി ഖത്തര്‍

By Web TeamFirst Published Oct 7, 2022, 6:24 PM IST
Highlights

'ഖത്തര്‍ വെല്‍കംസ് യു' എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച അറിയിപ്പുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഖത്തറിലേക്ക് വരുന്ന ആളുകള്‍ ഖത്തറിലെ സ്വദേശികളുടെ മതത്തെയും സംസ്‍കാരത്തെയും ബഹുമാനിക്കണമെന്നും അതിനായി ചില കാര്യങ്ങള്‍ ഒഴിവാക്കണമെന്നുമാണ് കാര്‍ഡിലുള്ളത്.

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറില്‍ എത്തുന്ന സന്ദര്‍ശകര്‍ പാലിക്കേണ്ടതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് അധികൃതരുടെ വിശദീകരണം. ഖത്തറിലെ 'സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി'യാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. ഇത്തരമൊരു അറിയിപ്പ് സുപ്രീം കമ്മിറ്റിയോ മറ്റേതെങ്കിലും ഔദ്യോഗിക ഏജന്‍സികളോ നല്‍കിയതല്ലെന്നും അവയില്‍ തെറ്റായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

'ഖത്തര്‍ വെല്‍കംസ് യു' എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച അറിയിപ്പുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഖത്തറിലേക്ക് വരുന്ന ആളുകള്‍ ഖത്തറിലെ സ്വദേശികളുടെ മതത്തെയും സംസ്‍കാരത്തെയും ബഹുമാനിക്കണമെന്നും അതിനായി ചില കാര്യങ്ങള്‍ ഒഴിവാക്കണമെന്നുമാണ് കാര്‍ഡിലുള്ളത്. മദ്യപാനം, സ്വവര്‍ഗാനുരാഗം, മര്യാദയില്ലായ്‌മ, മതനിന്ദ, ആരാധാനാലയങ്ങളെ ബഹുമാനിക്കാതിരിക്കല്‍, ഉച്ചത്തിലുള്ള ശബ്ദവും സംഗീതവും, ഡേറ്റിങ്, ആളുകളുടെ അനുമതിയില്ലാതെ അവരുടെ ഫോട്ടോകള്‍ എടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പാലില്ലെന്നായിരുന്നു അറബിയിലും ഇംഗ്ലീഷിലുമുള്ള  സന്ദേശത്തിലുണ്ടായിരുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഇത്തരമൊരു അറിയിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്നും അവയില്‍ വസ്‍തുതാവിരുദ്ധമായ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. ഖത്തറിലെത്തുന്ന ഫുട്ബോള്‍ ആരാധകരും സന്ദര്‍ശകരും ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘാടകരില്‍ നിന്നുള്ള ഔദ്യോഗിക സ്രോതസുകളെ മാത്രമേ വിവരങ്ങള്‍ക്കായി ആശ്രയിക്കാവൂ എന്നും അറിയിച്ചിട്ടുണ്ട്.

ആരാധകര്‍ക്കായി അധികൃതര്‍ പ്രത്യേക 'ഫാന്‍ ഗൈഡ്' ഉടനെ പുറത്തിറക്കുമെന്നും അതില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വിവരങ്ങളില്‍ നിന്ന് നിരവധി കാര്യങ്ങള്‍ വ്യത്യസ്‍തമായിരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. എപ്പോഴും തുറന്ന സമീപനവും സഹിഷ്‍ണുതയും പുലര്‍ത്തുന്ന രാജ്യമാണ് ഖത്തറെന്നും ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സര സമയത്ത് സന്ദര്‍ശകര്‍ക്ക് അക്കാര്യം അനുഭവിച്ചറിയാന്‍ സാധിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.

Read also: ഖത്തറിൽ മിശിഹായ്‌ക്ക് അവസാന ലോകകപ്പ്; പ്രഖ്യാപിച്ച് ലിയോണല്‍ മെസി

click me!