ജർമനിയിൽ ജോലി തേടുന്നവ‍ർക്ക് സുവർണാവസരം; സർക്കാർ സംവിധാനത്തിലൂടെ സൗജന്യ നിയമനം, ശമ്പളവും പ്രായപരിധിയും ഇങ്ങനെ

By Web TeamFirst Published Apr 20, 2024, 9:58 AM IST
Highlights

40 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ പരിധി. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 2024 മെയ് മാസം രണ്ടാം വാരം ഇന്റർവ്യൂ നടക്കും. 200 ഒഴിവുകളാണ് നിലവിലുള്ളത്.

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ  സൗജന്യ നിയമനം നടത്തുന്നു. നിലവിൽ 200 ഒഴിവുകളാണുള്ളത്. നഴ്സിങ്ങിൽ ഡിഗ്രിയും ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അവസാന ജോലിക്ക് ശേഷമുള്ള ഇടവേള ഒരു വർഷത്തിൽ കൂടാൻ പാടില്ലെന്നും നിബന്ധനയുണ്ട്.

40 വയസാണ്  ഉയർന്ന പ്രായ പരിധി. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 2024 മെയ് മാസം രണ്ടാം വാരം ഇന്റർവ്യൂ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം ഒഡെപെകിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വച്ച് നൽകും. എ1 മുതൽ ബി2 ലെവൽ വരെയുള്ള പരിശീലനം സൗജന്യമാണ്. ബി1 ലെവൽ മുതൽ നിബന്ധനകൾക്ക് വിധേയമായി 10,000 രൂപ പ്രതിമാസ സ്റ്റൈപെൻഡും ലഭിക്കും. 

2400 യൂറോ മുതൽ 4000 യൂറോ വരെയാണ് ശമ്പളം. മൂന്ന് വ‍ർഷത്തെ കരാറായിരിക്കും. ഇത് പിന്നീട് ദീർഘിപ്പിച്ചേക്കാം. ആഴ്ചയിൽ 38.5 മണിക്കൂറാണ് ജോലി സമയം. ചില ആശുപത്രികൾ ആഴ്ചയിൽ 40 മണിക്കൂർ ജോലി ആവശ്യപ്പെടുന്നുണ്ട്. ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കുമായി www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; മൊബൈൽ നമ്പർ: 77364 96574. ഒഡെപെകിന് മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ലെന്ന് അധികൃതർ പ്രത്യേകം മുന്നറിയിപ്പ് നൽകി.

click me!