ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് നാളെ മുതല്‍ പരിമിത കാലത്തേക്ക് സൗജന്യ യാത്ര

By Web TeamFirst Published Nov 9, 2022, 5:11 PM IST
Highlights

നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെയാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

ദോഹ: ഖത്തറില്‍ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ദോഹ മെട്രോ, ലുസെയ്ല്‍ ട്രാമുകളില്‍ നാളെ മുതല്‍ സൗജന്യ യാത്ര. ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളിലായി 35 എന്‍ട്രി, എക്സിറ്റ് ഗേറ്റുകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. 

നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെയാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങള്‍, ആരാധകര്‍ക്കായുള്ള വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ ഒമ്പത് മെട്രോ സ്റ്റേഷനുകള്‍. സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പിനിടെ 110 ട്രെയിനുകള്‍ സര്‍വീസ് നടത്തും. 21 മണിക്കൂര്‍ ദോഹ മെട്രോ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചിരുന്നു. 

Read More - ഖത്തര്‍ ലോകകപ്പ്; ഇന്ത്യന്‍ ആരാധകര്‍ക്കായി ഹെൽപ് ലൈന്‍ നമ്പര്‍ ക്രമീകരിച്ച് എംബസി

ഡിസംബര്‍ രണ്ടു മുതല്‍ മാച്ച് ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലെത്താന്‍ അവസരമുണ്ട്.ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്തറിലേക്ക് യാത്ര ചെയ്യേണ്ടത്. ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. 500 റിയാല്‍ ഫീസ് ഈടാക്കും. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം. മാച്ച് ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഖത്തറിലേക്കുള്ള ഹയ്യാ കാര്‍ഡിന് അപേക്ഷിക്കാനാകുക.

നവംബര്‍ 20ന് ആരംഭിക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിന് പൂര്‍ത്തിയാകും. ഇതോടെയാണ് ടിക്കറ്റില്ലാത്തവര്‍ക്കും ഖത്തറിലേക്ക് പോകാന്‍ അവസരം ലഭിക്കുക. ഖത്തര്‍ 2022 മൊബൈല്‍ ആപ് വഴിയോ ഹയ്യാ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം.

Read More -  ഫുട്ബോള്‍ ലോകകപ്പ്: ലോകകപ്പിന്‍റെ മാതൃകയിലുള്ള 144 വ്യാജ ട്രോഫികള്‍ പിടിച്ചെടുത്ത് ഖത്തര്‍

ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തര്‍ ഒരുക്കിയിട്ടുള്ള വിനോദ പരിപാടികള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള അവസരം നല്‍കിയാണ് മാച്ച് ടിക്കറ്റില്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ മാച്ച് ടിക്കറ്റ് നിര്‍ബന്ധമാണ്. 

click me!