കാർട്ട് പുള്ളറിൽ നിന്നും ഖാലിദ് അൽ അമേറിയുടെ ടീമിലേക്ക്, 24കാരനായ മലയാളിയുടെ ജീവിതം മാറിയത് ദുബൈയിൽ

Published : May 18, 2025, 11:41 AM IST
 കാർട്ട് പുള്ളറിൽ നിന്നും ഖാലിദ് അൽ അമേറിയുടെ ടീമിലേക്ക്, 24കാരനായ മലയാളിയുടെ ജീവിതം മാറിയത് ദുബൈയിൽ

Synopsis

24കാരനായ മുഹമ്മദ് സിനാന്‍ തലശ്ശേരി സ്വദേശിയാണ്

ദുബൈ: ദുബൈയിലെത്തിയ സാധാരണക്കാരനായ തല്ലശ്ശേരിക്കാരൻ. ഇന്ന് ദുബൈയിലെ പ്രശസ്ത ഇൻഫ്ലുവൻസർ ആയ ഖാലിദ് അൽ അമേറിയോടൊപ്പം കണ്ടന്റ് ക്രിയേറ്റർ. ഈ യാത്ര 24കാരനായ മുഹമ്മദ് സിനാനെ സംബന്ധിച്ച് സ്വപ്നം കാണാൻ പോലും കഴിയാത്തതായിരുന്നു.

എനിക്ക് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ വീഡിയോകൾ നിർമിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. എനിക്കൊരു സുഹൃത്തുണ്ട്. അവൻ വീഡിയോ​ഗ്രാഫറും എഡിറ്ററുമാണ്. അവൻ ജോലി ചെയ്യുന്നത് കണ്ടും പിന്നെ യുട്യൂബ് നോക്കി പഠിച്ചുമാണ് വീഡിയോകൾ എടുത്ത് തുടങ്ങിയത്. ആദ്യമൊക്കെ വെറും ഇഷ്ടത്തിന്റെ പുറത്ത് എനിക്ക് ചുറ്റുമുള്ള വീഡിയോകളാണ് എടുത്ത് തുടങ്ങിയിരുന്നത് - മുഹമ്മദ് സിനാൻ പറയുന്നു.

നാട്ടിലെ തന്നെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ഒരു മാസത്തോളം ജോലി ചെയ്ത ശേഷം ഇന്ത്യയിലെ പ്രശസ്തമായ ട്രക്കിങ് റൂട്ട് ആയ ഹംട്ട പാസിൽ പോയി. ജീവിതത്തിൽ ഏത് കഠിനമായ സാഹചര്യത്തെയും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം അവിടെ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് സിനാൻ പറയുന്നു. അവിടെ നിന്നും തിരിച്ചെത്തി ഒരാഴ്ചക്കുള്ളിൽ സിനാൻ ദുബൈയിലേക്ക് പോയി. ദുബൈയിലെത്തിയപ്പോൾ ആദ്യം പോയത് അച്ഛന്റെ അടുത്തേക്കാണ്. പക്ഷേ അവിടെ കണ്ട കാഴ്ച ഏതൊരു മകന്റെയും മനസിനെ വേദനിപ്പിക്കുന്നതായിരുന്നു. ദുബൈയിലെ ഒരു കഫ്റ്റീരിയയിൽ ചൂടിലും പുകയിലും വിയർത്ത് പണിയെടുക്കുന്ന അച്ഛനെയാണ് കണ്ടത്. 

ഇവിടെയെത്തിയപ്പോൾ എനിക്ക് ജോലിയില്ലായിരുന്നു. ആരുമായും ബന്ധവുമില്ല, കഫ്റ്റീരിയയിൽ ജോലി ചെയ്തിരുന്ന അച്ഛനെ സപ്പോർട്ട് ചെയ്യണം എന്നത് മാത്രമായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഒടുവിൽ സാധനങ്ങൾ വണ്ടിയിൽ വലിച്ചുകൊണ്ടുപോകുന്ന ഒരു ജോലി കിട്ടി. നല്ല പോലെ കഷ്ടപ്പെട്ടു. ആദ്യത്തെ മാസം 400 ദിർഹമാണ് കിട്ടിയത്. ഏകദേശം ആറു മാസത്തോളം ആ ജോലി ചെയ്തു. കൂട്ടുകാരോട് തനിക്ക് മീഡിയയിൽ ആണ് ജോലി ചെയ്യാനിഷ്ടമെന്നും വീഡിയോകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാനാണ് താൽപര്യമെന്നും പറഞ്ഞുകൊണ്ടിരുന്നു. എല്ലാവരും കളിയാക്കുകയാണ് അപ്പോൾ ചെയ്തതെന്ന് സിനാൻ പറയുന്നു. 

ദുബൈ ന​ഗരത്തെപ്പറ്റി വീഡിയോകൾ ചെയ്തു. ഇതുകണ്ട് മുഹമ്മദ്, അജ്മൽ എന്ന രണ്ടുപേർ സിനാനെ വിളിക്കുകയും ഒരുമിച്ച് മീഡിയ കമ്പനി തുടങ്ങുകയും ചെയ്തു. `എന്റെ ജീവിതം മാറ്റി മറിച്ചത് 2022 ഫിഫ ലോക കപ്പിന്റെ സമയത്തായിരുന്നു. മെസ്സിയുടെ ​ഗോളുകളിലുള്ള ആരാധകരുടെ ആവേശം ഞാൻ പകർത്തി. എഡിറ്റ് ചെയ്ത് വീഡിയോ ഇറക്കി. അതിശയമെന്ന് പറയട്ടെ, പിറ്റേ ദിവസം എന്റെ വീഡിയോ കണ്ട് ഖാലിദ് അൽ അമേറിയുടെ അസിസ്റ്റന്റ് എന്നെ വിളിച്ചു. ഇത് അവരുടെ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു. വീഡിയോ വൈറലാകുകയും ഖാലിദ് വീഡിയോ കാണുകയും ചെയ്തു. ശേഷം ഖാലിദിന്റെ ടീമിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുകയായിരുന്നു. ഖാലിദിനോടൊപ്പം ജോലി ചെയ്യാൻ കഴിയുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു കുടുംബം പോലെയാണ്. ഇത് ഒരു തുടക്കമാണ്, എന്നാൽപ്പോലും ഇദ്ദേഹത്തോടൊപ്പം ഇനിയും ഒരുപാട് ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നു- സിനാൻ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ