വിങ്ങിപ്പൊട്ടി നാട്: മിൻസയ്ക്ക് വിട, അച്ഛൻ്റെ ആഗ്രഹപ്രകാരം കുടുംബവീട്ടിൽ നിത്യനിദ്ര

By Web TeamFirst Published Sep 14, 2022, 11:43 PM IST
Highlights

പാട്ടും കളിചിരികളുമായി ഒരു മാസം മുമ്പ് നാട്ടിൽ നിന്ന് മടങ്ങിയ പിഞ്ചോമനയ്ക്ക് അന്ത്യയാത്ര ഒരുക്കേണ്ടി വന്നതിൻ്റെ സങ്കടത്തിലായിരുന്നു കോട്ടയം ചിങ്ങവനം പന്നിമറ്റത്തെ കൊച്ചു പറമ്പിൽ വീട്.

കോട്ടയം: സ്കൂൾ ജീവനക്കാരുടെ അനാസ്ഥയുടെ ഇരയായി ഖത്തറിൽ ബസിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നാലു വയസുകാരിക്ക് ജന്മനാടിൻ്റെ അന്ത്യാഞ്ജലി. രാവിലെ വിമാന മാർഗം നെടുമ്പാശേരിയിൽ എത്തിച്ച കുഞ്ഞിൻ്റെ മൃതദേഹം കോട്ടയം ചിങ്ങവനത്തെ കുടുംബ വീട്ടിൽ സംസ്കരിച്ചു.

പാട്ടും കളിചിരികളുമായി ഒരു മാസം മുമ്പ് നാട്ടിൽ നിന്ന് മടങ്ങിയ പിഞ്ചോമനയ്ക്ക് അന്ത്യയാത്ര ഒരുക്കേണ്ടി വന്നതിൻ്റെ സങ്കടത്തിലായിരുന്നു കോട്ടയം ചിങ്ങവനം പന്നിമറ്റത്തെ കൊച്ചു പറമ്പിൽ വീട്. മിൻസ മോൾ ഓടിക്കളിച്ചിരുന്ന വീട്ടുമുറ്റത്ത് അവൾക്കായി പൂക്കൾ കൊണ്ട് അലങ്കരിച്ച കല്ലറ ഒരുങ്ങിയിരുന്നു. പിതാവ് അഭിലാഷിൻ്റെ ആഗ്രഹം അനുസരിച്ചാണ് സംസ്കാര ചടങ്ങുകൾ പള്ളിയിൽ നിന്നു മാറ്റി വീട്ടു മുറ്റത്ത് നടത്താൻ തീരുമാനിച്ചത്. 

പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് സന്തോഷത്തോടെ പോയ മകളുടെ ദൃശ്യങ്ങൾ അഭിലാഷ് ക്യാമറയിൽ പകർത്തിയിരുന്നു. ഇന്നാ ദൃശ്യങ്ങൾ കാണുന്നവരുടെയെല്ലാം ഉള്ളു പൊള്ളിക്കുന്ന കാഴ്ചയായി. മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ മകളുടെ വിയോഗം ഉൾക്കൊള്ളാനാകാതെ തളർന്നു പോയ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും വിതുമ്പി.

കുഞ്ഞിൻ്റെ മരണത്തിന് കാരണക്കാരായ സ്കൂൾ ജീവനക്കാരുടെ അറസ്റ്റിന് പിന്നാലെ ഖത്തർ അൽവക്രയിലെ സ്പ്രിങ് ഫീൽഡ് സ്കൂൾ അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. നാലാം പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് പുറപ്പെട്ട കുഞ്ഞ് ബസിൽ ഇരുന്ന് ഉറങ്ങിയതറിയാതെ ജീവനക്കാർ ബസ് പൂട്ടി പോവുകയായിരുന്നു. കടുത്ത വെയിലിൽ ശ്വാസം മുട്ടിയായിരുന്നു നാലു വയസുകാരിയുടെ ദാരുണ മരണം.

നാട്ടിലേക്ക് പുറപ്പെടും മുൻപ് ഖത്തർ അൽവക്രയിലെ മോര്‍ച്ചറിക്ക് മുന്നിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അര്‍പ്പിക്കാനെത്തിയത്. രണ്ട് ദിവസം നീണ്ട വിശദമായ ഫോറൻസിക് മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മിൻസയുടെ മ‍ൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.  മിൻസയുടെ മരണത്തിൽ ഖത്തറിലെ ആഭ്യന്തര വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്.

മിൻസയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ഖത്തര്‍ സര്‍ക്കാര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. സ്കൂള്‍ ബസിൽ ഇരുന്ന് മിൻസ ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. സംഭവത്തിൽ അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ സ്കൂൾ ആണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് .
 

tags
click me!