
അബുദാബി: പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി എംഎ യൂസഫലി. മകളുടെ ഭർത്താവ് ഡോ. ഷംഷീർ വയലിൽ നടപ്പാക്കിയ ഗോൾഡൻ ഹാർട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായാണ് യൂസഫലി പ്രത്യേക ഓൺലൈൻ കൂടിക്കാഴ്ചയിലൂടെ സംസാരിച്ചത്.
രാവിലെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെയും സന്ദർശിച്ച് അദ്ദേഹവും കുടുംബാംഗങ്ങളും ഈദ് ആശംസകൾ നേർന്നിരുന്നു. പിന്നാലെ ഭക്ഷണം പോലും മാറ്റിവച്ചാണ് ഗുരുതര രോഗാവസ്ഥയിൽ നിന്ന് പുതു ജീവിതത്തിലേക്ക് കരകയറുന്ന കുട്ടികളെ കണ്ട് അദ്ദേഹം പ്രതീക്ഷയും പ്രചോദനവുമേകിയത്.
സാമ്പത്തിക പ്രയാസങ്ങളും സംഘർഷ സഹചര്യങ്ങളും കാരണം ഹൃദയ ശസ്ത്രക്രിയ നടത്താനാകാതെ ബുദ്ധിമുട്ടിയ അൻപത് കുട്ടികൾക്കാണ് ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റിവ് ആശ്വാസമായിരുന്നത്. ഇതിൽ ഇരുപത്തി അഞ്ചോളം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ ഓണ്ലൈനിലൂടെ നടന്ന കൂടിക്കാഴ്ചയുടെ ഭാഗമായി. കുട്ടികളുടെ ചികിത്സാ പുരോഗതി അദ്ദേഹം ചോദിച്ചറിഞ്ഞു. വേഗത്തിൽ ആരോഗ്യ നില വീണ്ടെടുക്കാൻ പ്രാർത്ഥിക്കാം. ഇത്തരം സംരംഭങ്ങൾ സന്തോഷവും സംതൃപ്തിയും നൽകുന്നതാണ്. മൂത്ത മകളുടെ ഭർത്താവായ ഡോ. ഷംഷീർ തനിക്ക് സ്വന്തം മകനെ പോലെയാണ്. നല്ല പ്രവൃത്തികൾ ചെയ്യുന്നതിലൂടെ ഒരാൾക്ക് പകരം നന്മ ലഭിക്കുമെന്നാണ് വിശ്വാസം. തിരിച്ചു പ്രാർത്ഥനകൾ മാത്രമാണ് ഞങ്ങളുടെ ആഗ്രഹം. ഈ കുട്ടികൾ അവരുടെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ടവരായി വരളരട്ടെ," അദ്ദേഹം പറഞ്ഞു.
പത്നി ഷബീറ യൂസഫലി, ഡോ. ഷംഷീർ, ഡോ. ഷബീന യൂസഫലി, പേരക്കുട്ടികൾ എന്നിവർക്കൊപ്പമാണ് യൂസഫലി കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. കോഴിക്കോട് സ്വദേശിയായ റിഷാദിന്റെ കുടുംബവും ഓൺലൈൻ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. എസ്എസ്എൽസി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് അപ്രതീക്ഷിത നെഞ്ചുവേദനയെത്തുടർന്ന് ചികിത്സ തേടേണ്ടിവന്ന റിഷാദിന്റെ ആഗ്രഹം ഫുട്ബോൾ താരമാവുകയെന്നതാണ്. മത്സ്യതൊഴിലാളിയായ റിഷാദിന്റെ പിതാവിന് സുഹൃത്ത് അയച്ചു നൽകിയ സംരംഭത്തെ പറ്റിയുള്ള വിവരമാണ് ചികിത്സയ്ക്ക് വഴിതുറന്നത്. ബുദ്ധിമുട്ടികൾ മറികടക്കുന്ന റിഷാദ് വീണ്ടും ഫുട്‍ബോൾ മൈതാനത്തിറങ്ങട്ടെയെന്നും ഭാവിയിലെ മെസ്സിയായിമാറട്ടെയെന്നും യൂസഫലി ആശംസിച്ചു.
തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തു നിന്നുള്ള അഡ്രിയനും അമ്മയും നിർണ്ണായക ചികിത്സയ്ക്ക് യൂസഫലിയോടും ഡോ. ഷംഷീറിനോടും നന്ദി പറഞ്ഞു. ചായക്കട നടത്തി ലഭിക്കുന്ന ചിലവ് കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കുക കുടുംബത്തിന് അസാധ്യമായിരുന്നു. അതിനിടെയാണ് ഗോൾഡൻ ഹാർട്ട് പദ്ധതി വഴി സഹായം ലഭിച്ചത്. കുട്ടികൾ എത്രയും വേഗം പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ഡോ. ഷംഷീറും ആശംസിച്ചു. യു.എ.ഇ.യിലെ യൂസഫലിയുടെ 50-ാം വാർഷികത്തിന് ആദരവായി ജനുവരിയിൽ ഡോ. ഷംഷീർ പ്രഖ്യാപിച്ച സംരംഭം ഇന്ത്യ, സെനഗൽ, ലിബിയ, ടുണീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് ജീവിതം മാറ്റിമറിക്കുന്ന ശസ്ത്രക്രിയകൾ നൽകിയിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam