റിയാദിലെ ഇന്ത്യൻ എംബസിയിൽ ഗാന്ധി ജയന്തി ആഘോഷിച്ചു

By Web TeamFirst Published Oct 4, 2022, 8:01 PM IST
Highlights

സത്യം, സത്യാഗ്രഹം, അഹിംസ എന്നീ ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉയർത്തി നടത്തിയ റാലി ഡിപ്ലോമാറ്റിക് ക്വാർട്ടർ ജനറൽ അതോറിറ്റി, സൗദി സൈക്ലിങ് ഫെഡറേഷൻ എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. 

റിയാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം റിയാദിലെ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു. അംബാസഡറുടെ ചുമതല വഹിക്കുന്ന എം.ആർ. സജീവ് എംബസിയിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. അദ്ദേഹവും മറ്റ് എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും എംബസി അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്‍പാർച്ചന നടത്തി. ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ നടത്തിയ സൈക്കിൾ റാലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. 

സത്യം, സത്യാഗ്രഹം, അഹിംസ എന്നീ ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉയർത്തി നടത്തിയ റാലി ഡിപ്ലോമാറ്റിക് ക്വാർട്ടർ ജനറൽ അതോറിറ്റി, സൗദി സൈക്ലിങ് ഫെഡറേഷൻ എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. നയതന്ത്ര പ്രതിനിധികൾ, സൗദി പൗരന്മാർ, ഇന്ത്യൻ പ്രവാസി സമൂഹ പ്രതിനിധികൾ എന്നിവർ റാലിയിൽ പങ്കെടുത്തു. ആരോഗ്യ പരിപാലനത്തിന്റെയും സുസ്ഥിര ജീവിതത്തിന്റെയും പ്രധാന്യം സംബന്ധിച്ച് അംബാസഡറുടെ ചുമതല വഹിക്കുന്ന എം.ആർ. സജീവ് പരിപാടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. 

സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്‍ത അദ്ദേഹം റാലിയിൽ പങ്കെടുത്തവർക്ക് ടി ഷർട്ടുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടർന്ന് എംബസി അങ്കണത്തിൽ ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ചുള്ള നാടകാവതരണവും കവിതാ പാരായണവും ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ സംഘടപ്പിച്ചു. റിയാദിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് പരിപാടി അവതരിപ്പിച്ചത്.

Read also: അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം 50 കോടി; എല്ലാ ആഴ്ചയും ഒരു കിലോ വീതം സ്വര്‍ണം സമ്മാനം

click me!