ബാങ്ക് എടിഎം തകര്‍ത്ത് 14 ലക്ഷം റിയാല്‍ കവര്‍ന്നു; പ്രതികള്‍ക്ക് 64 വര്‍ഷം തടവ്, നാടുകടത്തല്‍

By Web TeamFirst Published Oct 14, 2020, 10:45 AM IST
Highlights

സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തായിരുന്ന പണം കവര്‍ന്നത്. വിവിധ രാജ്യക്കാരായ 11 പേരാണ് 14 ലക്ഷം റിയാലിന്റെ കവര്‍ച്ച നടത്തിയത്.

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഒരു ബാങ്ക് എടിഎം കൊള്ളയടിച്ച സംഘത്തിന് 64 വര്‍ഷം തടവുശിക്ഷ വിധിച്ചു. റിയാദിലെ എടിഎം മെഷീന്‍ തകര്‍ത്ത പ്രതികള്‍ 14 ലക്ഷം സൗദി റിയാലാണ് മോഷ്ടിച്ചത്. ഒരു സ്വദേശി പൗരനും അറബ് വംശജരായ അഞ്ച് വിദേശികള്‍ക്കുമുള്‍പ്പെടെ ആറ് പ്രതികള്‍ക്കും കൂടിയാണ് റിയാദ് ക്രിമിനല്‍ കോടതി 64 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

മോഷ്ടിച്ച പണം പ്രതികളില്‍ നിന്ന് ഈടാക്കാനും ഇവര്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. തടവുശിക്ഷയ്ക്ക് ശേഷം വിദേശികളായ പ്രതികളെ നാടുകടത്തും. ഇവരെ പിന്നീട് സൗദിയിലേക്ക് പ്രവേശിപ്പിക്കില്ല. 2020 ഫെബ്രുവരി 15നാണ് സംഘം റിയാദിലെ അല്‍ജസീറയിലെ ഒരു ബാങ്ക് എടിഎം കൊള്ളയടിച്ചത്. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തായിരുന്ന പണം കവര്‍ന്നത്. വിവിധ രാജ്യക്കാരായ 11 പേരാണ് 14 ലക്ഷം റിയാലിന്റെ കവര്‍ച്ച നടത്തിയത്.

റിയാദ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആറ് പ്രതികളെ പിടികൂടി. ഇവര്‍ കള്ളപ്പണം വെളുപ്പിച്ചതായും പൊലീസ് കണ്ടെത്തി. ഇങ്ങനെ ലഭിച്ച പണമെന്ന രീതിയില്‍ ഇവരുടെ പക്കല്‍ നിന്നും ഏഴു ലക്ഷം റിയാല്‍ കണ്ടെടുത്തിട്ടുണ്ട്. കൊള്ളയടിച്ച ബാക്കി തുക ഇവരുടെ കയ്യില്‍ നിന്ന് ഈടാക്കും. രാജ്യം വിട്ട മറ്റ് അഞ്ച് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. പബ്ലിക് പ്രോസിക്യൂഷന്‍ ക്രിമിനല്‍ നിയമപ്രകാരം കേസെടുത്ത് നടപടി സ്വീകരിച്ചതോടെയാണ് പ്രതികള്‍ക്ക് ശക്തമായ ശിക്ഷ ലഭിച്ചത്.
 

click me!