
കുവൈത്ത് സിറ്റി : ആത്മസമർപ്പണത്തിന്റെ പുണ്യമാസത്തിൽ കുട്ടികളുടെ ആഘോഷമായ ഗിർഗിയാന്റെ തിരക്കിലാണ് വീടുകളും മാർക്കറ്റുകളും. റമദാൻ മാസത്തിന്റെ പതിമൂന്ന് മുതലുള്ള മൂന്നു രാവുകളിലാണ് കുട്ടികൾക്കു വേണ്ടിയുള്ള ഗിർഗിയാൻ ആഘോഷം നടക്കുന്നത്. തിളങ്ങുന്ന വർണ്ണ വസ്ത്രങ്ങളും കൈനിറയെ മിഠായിപ്പൊതികളുമായി കുട്ടികൾ തങ്ങളുടെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകൾ കയറിയിറങ്ങി സ്നേഹത്തിന്റെ മധുരപ്പൊതികളും സമ്മാനങ്ങളും കൈമാറ്റം ചെയ്യുന്നതാണ് ഗിർഗിയാൻ ആഘോഷം. കൂടാതെ ഓഫീസുകളിലും മാളുകളിലും ഗിർഗിയാനോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ഗിർഗിയാൻ ആഘോഷവേളയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികളെ സംരക്ഷിക്കുന്നതിനും കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. താമസസ്ഥലങ്ങളിലെ ഉൾ റോഡുകൾ തടയുന്നതും വിനോദ വാഹനങ്ങൾ, നാടൻ കലാസംഘങ്ങൾ, ഭക്ഷണ വണ്ടികൾ എന്നിവ താമസസ്ഥലങ്ങളിൽ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും.
read more: കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു
രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കണമെന്നും ഗാർഹിക തൊഴിലാളികളെ മാത്രം ആശ്രയിക്കരുതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. അപകടങ്ങൾ ഒഴിവാക്കാൻ റോഡുകളിൽ ഡ്രൈവർമാർ വേഗത കുറയ്ക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പൊതു സുരക്ഷ വർധിപ്പിക്കുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ സ്ഥിരവും മൊബൈലുമായ സുരക്ഷാ പട്രോളിംഗുകൾ വിന്യസിക്കുന്നത് ഉൾപ്പെടെ റമദാൻ മാസത്തിനായി സമഗ്രമായ സുരക്ഷാ, ഗതാഗത പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ