ദുബായിലും വടക്കന്‍ എമിറേറ്റുകളിലും ഇനി പാസ്‍പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനായി മാത്രം

By Web TeamFirst Published Apr 10, 2019, 11:13 AM IST
Highlights

പുതിയ പാസ്പോര്‍ട്ടിനും പാസ്‍പോര്‍ട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍, പാസ്പോര്‍ട്ട് റീ വാലി‍ഡേഷന്‍, കുട്ടികളുടെ ജനന രജിസ്ട്രേഷനും അവരുടെ പാസ്പോര്‍ട്ടിനുള്ള അപേക്ഷയും തുടങ്ങിയവയൊക്കെ ഓണ്‍ലൈനായിട്ടാണ് ചെയ്യേണ്ടത്. 

ദുബായ്: കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ഗ്ലോബല്‍ പാസ്‍പോര്‍ട്ട് സേവാ പദ്ധതി യുഎഇയിലും ഇനി ലഭ്യമാവും. ദുബായിലും വടക്കന്‍ എമിറേറ്റുകളിലും ഇനി പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനായി മാത്രമായിരിക്കും. നിലവില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ ആവശ്യമുള്ളതിനേക്കാള്‍ കുറച്ച് സമയം മാത്രമേ പുതിയ സംവിധാനം വഴി ആവശ്യമുണ്ടാവുകയുള്ളൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പുതിയ പാസ്പോര്‍ട്ടിനും പാസ്‍പോര്‍ട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍, പാസ്പോര്‍ട്ട് റീ വാലി‍ഡേഷന്‍, കുട്ടികളുടെ ജനന രജിസ്ട്രേഷനും അവരുടെ പാസ്പോര്‍ട്ടിനുള്ള അപേക്ഷയും തുടങ്ങിയവയൊക്കെ ഓണ്‍ലൈനായിട്ടാണ് ചെയ്യേണ്ടത്. ദുബായിലേയും വടക്കന്‍ എമിറേറ്റുകളിലെയും പ്രവാസികള്‍ https://embassy.passportindia.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകളുടെ ഓരോസമയത്തെയും സ്ഥിതി പരിശോധിക്കുകയും ചെയ്യാം.  പഴയ സംവിധാനത്തെ അപേക്ഷച്ച് പാസ്‍പോര്‍ട്ട് പുതുക്കാന്‍ വളരെ കുറച്ച് സമയം മാത്രമേ ഇനി ആവശ്യമായി വരികയുള്ളൂവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിപുല്‍ അറിയിച്ചു.

വെബ്സൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത് ഒരു ലോഗിന്‍ ഐഡിയും പാസ്‍വേഡും സജ്ജമാക്കണം. ഇത് ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും അപേക്ഷ നല്‍കാനാവും. ആവശ്യമായ സമയത്ത് യൂസര്‍ ഐഡിയും പാസ്‍വേഡും നല്‍കി ലോഗിന്‍ ചെയ്ത ശേഷം "apply for ordinary passport/emergency certificate/police clearance certificate/surrender of Indian passport/diplomatic passport/official passport" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ പൂര്‍ത്തിയായാല്‍ ഇതിന്റെ പ്രിന്റൗട്ട് എടുക്കണം. ശേഷം ഫോട്ടോ പതിച്ച് നിര്‍ദിഷ്ട സ്ഥാനങ്ങളില്‍ ഒപ്പിട്ട ശേഷം അടുത്തുള്ള ബിഎല്‍എസ് സെന്ററില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. ബിഎല്‍എസ് സെന്ററിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെച്ചാണ് ഒപ്പിടേണ്ടത്.

click me!