
കുവൈത്ത് സിറ്റി: പ്രശസ്ത വനിതാ ബ്യൂട്ടി സലൂണിൽ എത്തിയ വിദേശ വനിതയുടെ പഴ്സിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും പണവും കവർന്നു. കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിലാണ് സംഭവം ഉണ്ടായത്. കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ഊർജിതമാക്കി. സലൂണിൽ സേവനം തേടിയെത്തിയ മുപ്പതുകാരിയായ ഗൾഫ് സ്വദേശിനിക്കാണ് തന്‍റെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായത്.
24 കാരറ്റ് സ്വർണ്ണ മോതിരം, ഏകദേശം 1,750 ദിനാർ വിലമതിക്കുന്ന കാർട്ടിയർ ബ്രാൻഡ് മാല, 300 ദിനാർ കൈവശം വെച്ചിരുന്ന പണം എന്നിവയാണ് മോഷണം പോയത്. ആകെ 2,050 കുവൈത്ത് ദിനാറിന്‍റെ (ഏകദേശം ആറ് ലക്ഷത്തോളം ഇന്ത്യൻ രൂപ) നഷ്ടമാണ് കണക്കാക്കുന്നത്. സലൂണിലെ സേവനങ്ങൾക്കായി 70 ദിനാർ നൽകിയതിന് ശേഷമാണ് തന്‍റെ ബാഗിലെ പഴ്സ് നഷ്ടപ്പെട്ട വിവരം ഇവർ ശ്രദ്ധിച്ചത്. സലൂണിൽ പ്രവേശിക്കുമ്പോൾ എല്ലാ ആഭരണങ്ങളും പണവും കൈവശമുണ്ടായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
മുഖം ആവി പിടിക്കുന്നതിനും ചികിത്സയ്ക്കുമായി കണ്ണടച്ച് കിടന്ന സമയത്താണ് മോഷണം നടന്നതെന്ന് സംശയിക്കുന്നതായി ഇവർ പൊലീസിനോട് പറഞ്ഞു. ഈ സമയത്ത് സലൂൺ ജീവനക്കാരോ അവിടെയുണ്ടായിരുന്ന മറ്റ് ഉപഭോക്താക്കളോ മോഷണം നടത്തിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹവല്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam